മുംബൈ ഭീകരാക്രമണക്കേസ്; പാകിസ്ഥാന് ഇനിയും തെളിവ് വേണമത്രേ!
തിങ്കള്‍, 13 ജൂലൈ 2015 (16:13 IST)
മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നടത്തുന്നതിനായി പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ടു. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഇക്കാര്യം അറിയിച്ചത്. 2007ൽ 60പേരുടെ മരണത്തിനിടയാക്കിയ സംജൗത എക്സ്പ്രസ് സ്ഫോടനക്കേസിലും കൂടുതൽ വിവരങ്ങൾ കൈമാറണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ ഇ തയ്ബ തലവനുമായ സക്കി ഉർ റഹ്മാൻ ലഖ്‌വിയുടെ ശബ്ദ സാമ്പിൾ ആവശ്യപ്പെട്ടു കൊണ്ട് പാക് സർക്കാർ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചില്ലെന്ന് പ്രോസിക്യൂഷൻ ടീം മേധാവിയുടെ വെളിപ്പെടുത്തലിനു ശേഷമാണ് ഇത്തരത്തിൽ ഒരു പ്രസ്താവന പുറത്തുവന്നത്. അതേസമയം കശ്മീർ വിഷയത്തെ അവഗണിച്ചുള്ള ഒരു ചർച്ചയ്ക്കും ഇന്ത്യയുമായി തയ്യാറല്ലെന്ന് അസീസ് വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യയെ വിഡ്ഢികളാക്കുന്ന തരത്തിലാണ് പാകിസ്ഥാന്റെ മനോഭാവമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നിഗം ആരോപിച്ചു. 2013ൽ കൊണ്ടിവന്ന നിയമപ്രകാരം തീവ്രവാദികളുടെ ശബ്ദസാമ്പിൾ എടുക്കാൻ അനുവാദമുണ്ട്. എന്നിട്ടും അതിനു തയ്യാറാകാത്തത് സൂചിപ്പിക്കുന്നത് കേസിലെ അവരുടെ അനാസ്ഥയാണ് എന്ന് അദ്ദേഹം ആരോപിച്ചു.