ഇന്ത്യയെ 20 ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം: മോഡി

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (08:28 IST)
ഇന്ത്യയെ 20 ലക്ഷം  കോടിയുടെ സമ്പദ് വ്യവസ്ഥയാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോഡി. മെന്‍ലോ പാര്‍ക്കില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് ആസ്ഥാനത്ത്, പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും തമ്മിലുള്ള കൂടിക്കാഴ്ച.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ് മറികടക്കാന്‍ തന്നെ സഹായിച്ചത് ഫേസ് ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളാണെന്നും മോഡി തുറന്നുപറഞ്ഞു.സ്ത്രീ ശാക്തീകരണത്തില്‍ ഇന്ത്യ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ അവഗണിച്ച് പുരോഗതി കൈവരിക്കാനാകില്ലെന്നും മോഡി പറഞ്ഞു. മോഡി ലോക നേതാക്കള്‍ക്ക് മാതൃകയാണെന്ന് സക്കര്‍ബര്‍ഗ് പ്രതികരിച്ചു.

സംവാദം 45 മിനിറ്റ് നീണ്ടു. ഫേസ്ബുക്ക് ആസ്ഥാനത്തെ പരിപാടിക്ക് ശേഷം, ഗൂഗിള്‍ ആസ്ഥാനവും മോഡി സന്ദര്‍ശിച്ചു.  ഇന്ത്യന്‍ വംശജന്‍ കൂടിയായ ഗൂഗിള്‍ സിഇഒ, സുന്ദര്‍ പിച്ചൈയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് മോഡിക്ക് ലഭിച്ചത്. ഗുജറാത്തി അടക്കം 11 പുതിയ ഭാഷകള്‍  ആന്‍ഡ്രോയിഡില്‍ ഉള്‍പ്പെടുത്തുമെന്ന് സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 500 റയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിള്‍ വൈഫൈ സംവിധാനം ഒരുക്കുമെന്നും ഗൂഗ്ള്‍ സിഇഒ പറഞ്ഞു.