ടുണീഷ്യയിലെ ഐഎസ് ഭീകരാക്രമണം: മരണസംഖ്യ 39 ആയി

Webdunia
ശനി, 27 ജൂണ്‍ 2015 (09:37 IST)
വടക്കേ ടുണീഷ്യയിലെ കടല്‍ത്തീരത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി. കടല്‍ തീരത്തെ രണ്ടു ഹോട്ടലുകളിലായി ഉണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഐഎസ് ഏറ്റെടുത്തത്.

വിനോദസഞ്ചാരകേന്ദ്രമായ സോസ്സെയിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന രണ്ട് പ്രമുഖ വിനോദസഞ്ചാര ഹോട്ടലുകള്‍ക്ക് സമീപമുള്ള കടല്‍ത്തീരത്തായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചയോടെ ഹോട്ടലിന് പിറകിലൂടെ എത്തിയ ഭീകരന്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹോട്ടലിനുള്ളിൽ ശക്തമായ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  

കഴിഞ്ഞ മാർച്ചിൽ ട്യൂണിസിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ആക്രമണം ഉണ്ടായിരുന്നു. അന്ന് വിദേശികളടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച തന്നെ കുവൈത്തിലും ഫ്രാൻസിലും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തിയിരുന്നു.