ഫ്രാൻസില്‍ ഭീകരാക്രമണം; 150 മരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ഐഎസ് ആക്രമണമെന്ന് സംശയം

Webdunia
ശനി, 14 നവം‌ബര്‍ 2015 (08:21 IST)
ഫ്രാൻസില്‍ വിവിധയിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.  സ്ഫോടനത്തിലും വെടിവെപ്പിലുമാണ് ഇത്രയും പേര്‍ മരിച്ചത്. ആക്രമണം രൂക്ഷമായതോടെ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമികളെ വധിച്ചുവെന്നാണ് ലഭിക്കുന്ന അവസാന റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാത്രി 9 മണിയോടെ മദ്ധ്യപാരീസിലെ ബാറ്റാക്ലാൻ തിയേറ്ററിലാണ് ആദ്യ ആക്രമണം ഉണ്ടായത്. തോക്കുധാരികൾ വെടിയുതിർത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവർക്കു നേരെ തുരുതുരാ നിറവെയാഴിക്കുകയായിരുന്നു. പിന്നാലെ സ്റ്റേറ്റ് ഡി ഫ്രാൻസിനു സമീപം ചാവേർ ആക്രമണവും വെടിവെപ്പും ഉണ്ടായി. തുടര്‍ന്ന് ബാറ്റാക്ലാൻ തിയേറ്ററിനു അടുത്തുള്ള ലെ പെഡിറ്റ് കാബോഡ്ജ്, ഡെ കാറില്ലോൺ റെസ്റ്റോറന്റുകളിലും വെടിവയ്പുണ്ടായി.

വടക്കൻ പാരീസിലെ സ്റ്റാഡെ ഫ്രാൻസ് സ്റ്റേഡിയത്തിന് സമീപം മൂന്നു തവണ സ്‌ഫോടനം നടന്നു. ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്റ്റേഡിയത്തിനു പുറത്ത് സ്‌ഫോടനങ്ങളുണ്ടായത് മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടയെ ഹെലികോപ്ടറിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അദ്ദേഹത്തിന് പരുക്കുകളൊന്നും പറ്റിയിട്ടില്ല.

പ്രസിഡന്റ് ഒലോൻദയുടെ അധ്യക്ഷതയില്‍ തൊട്ടുപിന്നാലെ ചേർന്ന അടിയന്തര മന്ത്രിസഭായോഗം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. പാരിസില്‍ 1,500 സൂരക്ഷാസൈനികരെ അധികമായി നിയോഗിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ആക്രമണത്തില്‍ ലോകനേതാക്കള്‍ അപലപിച്ചു. ഫ്രാന്‍സിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരും ആക്രമണത്തെ അപലപിച്ചു.