മിനാദുരന്തത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ 17; 19 മലയാളികളെക്കുറിച്ച് വിവരമില്ല

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (13:48 IST)
ഹജ്ജിനിടെ മിനായില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആയി. ആകെ 717 തീര്‍ത്ഥാടകര്‍ ആണ് ഹജ്ജ് ദിനമായ വ്യാഴാഴ്ച മിനായില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 00966125458000; 00966125496000. അതേസമയം, 19 മലയാളികളെക്കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശി ആശാരിപ്പടി അബ്‌ദുറഹ്‌മാന്‍ (51), പാലക്കാട് വടക്കുഞ്ചേരിക്കടുത്ത് പുതുക്കോട് മൈദാകര്‍ വീട്ടില്‍ മൊയ്തീന്‍ അബ്‌ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മലയാളികള്‍.
 
അബ്‌ദുറഹ്‌മാന്റെ ഭാര്യയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചു. ഗുജറാത്ത്, മഹാരാഷ്‌ട്ര, തമിഴ്നാട്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മരിച്ചവരില്‍ കൂടുതല്‍ പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്.
 
അതേസമയം, കോട്ടയം അതിരമ്പുഴ സ്വദേശി സക്കീബിന് ദുരന്തത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഹജ്ജ്‌ കര്‍മ്മത്തിനെത്തിയ കൊടുങ്ങല്ലൂര്‍ അഴീക്കല്‍ മേനോന്‍ബസാര്‍ സ്വദേശി കൊച്ചിക്കാരന്‍ വടക്കേവീട്ടില്‍ മുഹമ്മദ് (65) ഹൃദയാഘാതം മൂലം മക്കയില്‍ മരിച്ചു.