സാധാരണ ഗതിയില്‍ ഭൂമിയില്‍ നിന്ന് ചൊവ്വയിലെത്താന്‍ പ്ത്ത് മാസത്തെ യാത്ര ആവശ്യമാണ്. നിലവിലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചാല്‍ പോലും ഇത്രയും സമയം എടുക്കേണ്ടതായി വരും. എന്നാല്‍ ഈ പരിമിതി മറികടക്കാന്‍ വഴി തെളിയുന്നതായാണ് സൂചന. അതായത് വെറും 39 ദിവസം കൊണ്ട് ചൊവ്വായിലെത്താന്‍ കഴിയുന്ന റോക്കറ്റ് പരീക്ഷണശാലയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
സാധാരണ റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അല്ല ഇതിനുള്ളത്. ഈ റോക്കറ്റിന്റെ പേര് പ്ലാസ്മാ റോക്കറ്റ് എന്നാണ്. പേരുപോലെ തന്നെ പ്ലാസ്മ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. ടെക്സസിലെ വെബ്സ്റ്ററിലുള്ള അഡ് അസ്ട്ര റോക്കറ്റ് കമ്പനിയാണ് പ്ലാസ്മാ റോക്കറ്റ് പദ്ധതിയുടെ പിന്നിലുള്ളത്. ഏഴു ബഹിരാകാശ പേടകങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള ചാങ് ഡയസ് ആണ് കമ്പനിയുടെ സിഇഒ. പദ്ധതിക്ക് യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) അഡ് അസ്ട്ര റോക്കറ്റ് കമ്പനിക്കു ധനസഹായം നല്‍കും.
റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചു പ്ളാസ്മയെ ചൂടാക്കി വളരെ ഉയര്‍ന്ന താപനിലയിലെത്തിക്കുകയും തുടര്‍ന്നു ശക്തമായ കാന്തിക മണ്ഡലങ്ങള്‍ ഉപയോഗിച്ചു പ്ളാസ്മയെ എന്‍ജിനില്‍നിന്നു പുറത്തുവിടുകയും ചെയ്യുന്നതോടെ എന്‍ജിന്‍ അതിവേഗത്തില്‍ കുതിക്കും. മനുഷ്യനെ 39 ദിവസത്തില്‍ ചൊവ്വയില്‍ എത്തിക്കാന്‍ ഈ വേഗത്തിനു കഴിയുമെന്നാണു കണക്കാക്കുന്നത്. മൂന്നുവര്‍ഷത്തെ ഗവേഷണ പദ്ധതിക്കാണ് നാസ ധനസഹായം നല്‍കുന്നത്. വിജയമെങ്കില്‍ നാസയുടെ ഭാവിയിലെ ചൊവ്വാ ദൌത്യങ്ങളില്‍ ഇത്തരം റോക്കറ്റ് ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കും.