ചൊവ്വയും ഇനി മനുഷ്യന്റെ കാല്‍ക്കിഴിലാകും, മനുഷ്യനെ ചൊവ്വയിലെത്തിക്കാന്‍ നാസ ഒരുങ്ങുന്നു

വെള്ളി, 3 ജൂലൈ 2015 (12:49 IST)
മനുഷ്യന്‍ ചുവന്ന ഗ്രഹത്തില്‍ കാലുകുത്താന്‍ പോകുന്നു. മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അമേരിക്കന്‍ ബഹിരകാശ ഏജന്‍സിയായ നാസ തന്നെയാണ് ഇത്തവണയും ചരിത്രഗാഥ രചിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കീക്കൊണ്ടിരിക്കുന്നത്.  2039 ൽ ബഹിരാകാശ യാത്രികരെ ചൊവ്വയിൽ ഇറക്കി അവിടെ ഒരു മാസം താമസിപ്പിക്കുകയും ശേഷം  2043 ൽ മനുഷ്യരെ അവിടെ ഇറക്കി ഒരുവര്‍ഷത്തേക്ക് താമസിപ്പിക്കാനാണ് പുതിയ നീക്കം.

ഇതിനു മുന്നോടിയായി 2033 ൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ യാത്രികരെ എത്തിച്ച ശേഷം ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ മനുഷ്യരെ ഇറക്കുമെന്നും ന്യൂ സ്പേസ് ജേണലിന്റെ പുതിയ പതിപ്പിൽ പറയുന്നു. നാലു ബഹിരാകാശയാത്രികരെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചൊവ്വയുടെ ചന്ദ്രനെന്നു കൂടി വിശേഷിപ്പിക്കപ്പെടുന്ന 16 കിലോമീറ്റർ വലിപ്പമുളള ഫോബോസിൽ ഇറക്കാനുമാണ് ഇവരെ ഇറക്കാനുമാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പദ്ധതിയിടുന്നത്.

2033 ൽ ഇത്തരത്തിൽ ചൊവ്വയുടെ ഉപഗ്രഹത്തിൽ മനുഷ്യരെ ഇറക്കുന്ന പദ്ധതി വിജയിച്ചാൽ 2039 ൽ ചൊവ്വയുടെ പ്രതലത്തിൽ രണ്ടു ബഹിരാകാശയാത്രികരെ എത്തിക്കാനും അവരെ വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരു മാസം അവിടെ കഴിയാൻ സാഹചര്യമൊരുക്കുകയും ചെയ്യും. ഇതിനു ശേഷമാണ് 2043-ൽ ചൊവ്വയിൽ ഒരു വർഷം ജീവിക്കാൻ നാലു ബഹിരാകാശ സഞ്ചാരികളെ അയക്കുക.

കലിഫോർണിയയിൽ നാസയുടെ പരീക്ഷണശാലയിലാണ് പുതിയ പദ്ധതിയുടെ അവലോകനം നടക്കുന്നത്. എന്നാല്‍ മനുഷ്യനെ ചൊവ്വയില്‍ ഇറക്കാനും തിരികെ ഭൂമിയിലെത്തിക്കാനും വലിയ വെല്ലുവിളികളാണ് നാസയുടെ മുമ്പിലുള്ളത്.  പഴയതും പുതിയതുമായ സാങ്കേതിക വിദ്യകളുടെ സങ്കരരീതിയാണ് നാസ പുതിയ പദ്ധതിയുടെ വിജയത്തിനായി ഉപയോങിക്കുന്നത്. വിവിധ ലാൻഡർ വാഹനങ്ങളിലൂടെ ബഹിരാകാശയാത്രികർക്ക് ആവശ്യമായ വസ്തുക്കളും ജീവനസാഹചര്യം ഉറപ്പാക്കുന്ന മൊഡ്യൂളുകളും യാത്രയ്ക്കു മുന്നോടിയായി ചൊവ്വയിലിറക്കി പരീക്ഷണങ്ങള്‍ നടത്തും.

എന്നിരുന്നാലും ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടി മനുഷ്യരെ ചൊവ്വയിലെത്തിക്കുയെന്നതു തന്നെ പദ്ധതിയിലെ ദുർഘടം പിടിച്ച ഭാഗമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യങ്ങളിൽ ഒൻപതു മാസത്തോളം യാത്ര ചെയ്താൽ മാത്രമേ ചൊവ്വയിൽ എത്താനാകൂ. ഒരു വർഷം ചൊവ്വയിൽ താമസിക്കുന്ന സ്ഥിതി കൂടി പരിഗണിച്ചാൽ മൂന്നു വർഷം വരെ പദ്ധതിക്ക് കാലദൈർഘ്യം ഉണ്ടാകും. കൂടാതെ ഇതിനു തക്ക കരുത്തുള്ള വാഹനം ഇതുവരെ മനുഷ്യര്‍ നിര്‍മ്മിച്ചിട്ടില്ല.

ആണവോർജം ഉൾപ്പെടുത്താവുന്ന ബഹിരാകാശ വാഹനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ യാത്രാദൈർഘ്യം കുറയ്ക്കാനാകൂ. മൂന്നു വർഷം നീളുന്ന ബഹിരാകാശ ദൗത്യത്തിൽ യാത്രികർ അനുഭവിക്കേണ്ട റേഡിയേഷൻ വികരണങ്ങളും പ്രശ്നമായേക്കാം. എങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നാസയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക