അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരയുദ്ധം തുടരുന്ന കാലത്തോളം അമേരിക്കന്‍ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ പ്രതികാര തീരുവ ഏര്‍പ്പെടുത്തുമെന്ന് നിയുക്ത കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള താരിഫുകളാണ് അദ്ദേഹം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.
തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ബിസിനസുകളെയും ആക്രമിക്കുകയാണ് ട്രംപ്. അദ്ദേഹത്തെ വിജയിക്കാന്‍ അനുവദിക്കില്ലെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു. അതേസമയം കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. അമേരിക്ക കാനഡ അല്ല. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.