മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഉക്രെയിന്‍ വിമതര്‍ക്ക് പറ്റിയ കൈയബദ്ധം!

Webdunia
വെള്ളി, 18 ജൂലൈ 2014 (15:58 IST)
മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഉക്രെയിന്‍ വിമതര്‍ക്ക് പറ്റിയ കൈയബദ്ധമെന്ന് റിപ്പോര്‍ട്ട്. ഉക്രെയിന്‍ സൈനിക വിമാനമാണെന്ന് തെറ്റിദ്ധരിച്ച് തീവ്രവാ‍ദികള്‍ വെടിവയ്ക്കുകയായിരുന്നുവത്രേ. അപകടത്തിന് പിന്നാലെ ഉക്രെയിന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ തെളിയിക്കുന്നത് ഇതാണ്. 
 
മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സംഭവത്തിന്‌ പിന്നില്‍ ഉക്രെയിന്‍ വിമതരാണെന്ന്‌ സൂചിപ്പിക്കുന്ന രണ്ടു ശബ്‌ദരേഖകളാണ് ഉക്രെയിന്‍ സുരക്ഷാ ഏജന്‍സി. ഒരു വിമാനം വെടിവെച്ചിട്ടെന്ന് പറയുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നത്. സൈനിക വിമാനം ആണെന്ന് തെറ്റിദ്ധരിച്ച് മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതിന് വിമതരുടെ കമാന്‍ഡര്‍ ശാസിക്കുന്നതിന്റെ ശബ്ദരേഖയാണിത്. സംഭവത്തില്‍ അന്വേഷണത്തിന് ഉക്രെയിന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
 
ടെലിഫോണ്‍ സംഭാഷണങ്ങളില്‍ ഒന്ന് വിമതസേന കമാന്‍ഡര്‍ ഐഗോര്‍ ബെസ്ലറും റഷ്യന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥനും തമ്മിലുള്ള സംഭാഷണമാണ്‌. ഈ സ്‌ഥലത്തുനിന്നും 25 കിലോമീറ്റര്‍ അടുത്തായി റോക്കറ്റ്‌ ആക്രമണം നടത്തിയെന്നാണ്‌ ഇതിലുള്ളത്‌. വിമാനപകടത്തില്‍ ചിതറിത്തെറിച്ച അവശിഷ്‌ടങ്ങളില്‍ തോംസണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഒരു ഇന്‍ഡൊനീഷ്യന്‍ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകളുണ്ടെന്നും സംഭാഷണമധ്യേ സൈനികന്‍ പറയുന്നുണ്ട്‌. രണ്ട്‌ ശബ്‌ദരേഖകളുടെയും ആധികാരികത സ്‌ഥിരീകരിച്ചിട്ടില്ല.