മലേറിയ വരുന്നു കൊന്നു, കൊലവിളിക്കാനായി, മരുന്നുകള്‍ പ്രയോജനം ചെയ്യില്ല...

ശനി, 28 ഫെബ്രുവരി 2015 (15:20 IST)
ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മഹാ രോഗമായിരുന്നു മലേറിയ. എന്നാല്‍ വൈദ്യശാസ്ത്രം ഒത്തുരുമയോടെ മാനവലോകത്തിനായി പൊരുതിയപ്പോള്‍ മലേറിയ എന്ന മഹാവിപത്തിനെ ലോകം പിടിച്ചുകെട്ടി. ഇന്ന് മലേറിയ വിമുക്തമായ ലോകം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ പ്രയത്നങ്ങള്‍ നിഷ്ഫലമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
മരുന്നിനെതിരെ പ്രതിരോധശേഷി നേടിയ മലേറിയ രോഗാണുക്കളെ ഇന്ത്യ- മ്യാന്മര്‍ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തിയതാ‍ണ് പുതിയ ഭീഷണിയായിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് 25കിലോമീറ്റര്‍ അകലെ മ്യാന്‍മറിലെ ഒരു സ്ഥലത്തുനിന്നു ശേഖരിച്ച 940 മലേറിയാ സാമ്പിളുകളില്‍ 371എണ്ണം നിലവിലുള്ള മലേറിയാ മരുന്നിനെതിരെ പ്രതിരോധശേഷി നേടിയതാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. 'മലേറിയ വിമുക്തമായ ലോകം എന്ന ലക്ഷ്യത്തെ ഇതു തകിടംമറിക്കുമെന്നും ഇതുസംബന്ധിച്ചു പഠനം നടത്തിയ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
 
ഈ രോഗാണുക്കള്‍ ഉണ്ടാക്കുന്ന മലേറിയ ലക്ഷക്കണക്കിനു ജീവന്‍ അപഹരിച്ചേക്കാമെന്നു ശാസ്ത്രജ്ഞര്‍ ഭയക്കുന്നു. കാരണം പ്രതിരോധ ശേഷി നേടിയ മലേറിയ അണുക്കളെ പ്രതിരോധിക്കാന്‍ നിലവിലുള്ള മരുന്നുകള്‍ക്കോ ചികിത്സകള്‍ക്കോ സാധിക്കുകയില്ല. രോഗിയെ മരണത്തിനു കീഴടങ്ങാന്‍ വിട്ടുകൊടുക്കുക മാത്രമേ നമ്മേകൊണ്ട് സാധിക്കുകയുള്ളു. 
 
1960കളില്‍ ഇതേപോലെ മരുന്നിനെതിരെ പ്രതിരോധശേഷി നേടിയ മലേറിയ പാരസൈറ്റുകളെ ദക്ഷിണപൂര്‍വ ഏഷ്യയില്‍ ആദ്യമായി കണ്ടെത്തി. ഇവ അവിടെനിന്നു മ്യാന്‍മറിലൂടെ ഇന്ത്യയിലേക്കും തുടര്‍ന്നു ലോകം മുഴുവനും വ്യാപിക്കുകയും ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഇതേപോലെ ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഭയക്കുന്നത്. ഈ രോഗാണുക്കള്‍ ഇന്ത്യയേ ആയിരിക്കും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍