ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലാല പാക് മണ്ണില്‍; കനത്ത സുരക്ഷാവലയമൊരുക്കി സര്‍ക്കാര്‍

വ്യാഴം, 29 മാര്‍ച്ച് 2018 (08:39 IST)
മലാല യൂസഫിനെ അറിയാത്ത ജനങ്ങള്‍ ഉണ്ടാകില്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വാദിച്ചതിനു വെടിയുണ്ടകൾ ഏൽക്കേണ്ടിവന്ന 14 വയസ്സുകാരി. തന്റെ ജീവിതത്തിലെ കറുത്ത ആ ദിനങ്ങള്‍ക്ക് ആറു വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ജൻമനാടായ പാക്കിസ്ഥാനിൽ കാലുകുത്തിയിരിക്കുകയാണ് മലാല. 
 
പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്റെ പേരിൽ താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിശേഷം ഇതാദ്യമായാണ് മലാല വീണ്ടും പാക്കിസ്ഥാനിൽ കാലുകുത്തുന്നത്.
മാതാപിതാക്കള്‍ക്കൊ‌പ്പമാണ് മാലാല വീണ്ടും ജന്മനാറ്റില്‍ എത്തിയത്.
 
നാലു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മലാല പാകിസ്ഥാനില്‍ എത്തിയത്. അതേസമയം, സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മലാലയുടെ സുരക്ഷാ കാരണങ്ങളാല് ഇക്കാര്യം പുറത്തുവിടാത്തത്.
 
സന്ദര്‍ശനത്തിനിടെ മലാല പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി, സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തന്റെ കുടുംബവീട് സന്ദർശിക്കാൻ മലാല എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 
 
2012 ഒക്ടോബറിലാണ് സ്കൂളിൽനിന്നുള്ള മടക്കയാത്രയ്ക്കിടെ സ്കൂൾബസിൽ വച്ച് മലാലയെ ഭീകരർ ആക്രമിച്ചത്. അന്ന് 14 വയസ്സു മാത്രമായിരുന്നു മലാലയ്ക്കു പ്രായം. ശിരസ്സിനു ഗുരുതരമായി മുറിവേറ്റ മലാല പതിയേ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.
 
ലണ്ടനിലെ ബർമിങ്ങാമിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മലാലയ്ക്ക് 2014ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍