എഴുപത്തിമൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അലെജാന്‍ഡ്രോ ജി ഇനാരിറ്റു സംവിധാനം നിര്‍വ്വഹിച്ച ‘ദി റെവെനന്റി’നു ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു.
‘റെവനെന്റി’ലെ അഭിനയത്തിന് ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ‘ജോ’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരത്തിനു നാലാം തവണയും ജെന്നിഫർ ലോറൻസ് അര്‍ഹയായി.
മ്യൂസിക്കൽ - കോമഡി വിഭാഗത്തിലെ മികച്ച ചിത്രമായി റിഡ്‌ലി സ്‌കോട്ടിന്റെ സയന്‍സ് ഫിക്ഷനായ ‘ദ മാർഷ്യന്‍’ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ മാറ്റ് ഡാമന്‍ മികച്ച നടനായും ഡ്രാമ വിഭാഗത്തില്‍ ‘റൂമി’ലെ അഭിനയത്തിന് ബ്രയി ലാര്‍സന്‍ മികച്ച നടിയായും ‘ക്രീഡി’ലെ അഭിനയത്തിന് സില്‍വസ്റ്റര്‍ സ്റ്റാലണ്‍ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു.
‘സ്റ്റീവ് ജോബ്‌സി’ല്‍ മിന്നുന്ന അഭിനയം കാഴ്ച വെച്ച് കെയ്റ്റ് വിന്‍സ്‌ലറ്റ് മികച്ച സഹനടിയായി. ടി വി ഡ്രാമ വിഭാഗത്തില്‍ ‘മാഡ് മെന്നി’ലെ അഭിനയത്തിന് ജോണ്‍ ഹാം മികച്ച നടനായും ‘എംപയറി’ലെ അഭിനയത്തിന് താരാജി പി ഹെന്‍സണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം എന്‍യോ മേറികോണും (ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്കാരം ‘ഇന്‍സൈഡ് ഔട്ടും’ നേടി. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരം ‘റൈറ്റിങ്‌സ് ഓണ്‍ ദി വാളും’ (സാം സ്മിത്ത്, സ്‌പെക്ടര്‍) മികച്ച തിരക്കഥ പുരസ്കാരം ആരോണ്‍ സോര്‍കിനും (സ്റ്റീവ് ജോബ്‌സ്) നേടിയപ്പോള്‍ മികച്ച വിദേശ ചിത്രമായി ‘സണ്‍ ഓഫ് സൗള്‍’ (ഹംഗറി) തെരഞ്ഞെടുക്കപ്പെട്ടു.