‘ലിയനാര്‍ഡോ ഡികാപ്രി’യെന്ന പേരിനൊരു ചരിത്രമുണ്ട്; ‘ഗർഭപാത്രത്തില്‍ കൊച്ചനക്കമുണ്ടാക്കിയ കഥ’

Webdunia
തിങ്കള്‍, 29 ഫെബ്രുവരി 2016 (23:49 IST)
“ ഗർഭിണിയായിരിക്കെ ഇറ്റലിയിലെ ഒരു മ്യൂസിയത്തിൽ എത്തിയതായിരുന്നു ആ സ്‌ത്രി, ലക്ഷ്യം ലോകപ്രശസ്‌തനായ ലിയനാഡോ ഡാവിഞ്ചിയുടെ പെയിന്റിംഗ് കാണം. ഏവരെയും വിസ്‌മയിപ്പിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കി നിന്ന സ്‌ത്രീയുടെ ഗർഭപാത്രത്തിലൊരു കൊച്ചനക്കമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ആ സന്തോഷനിറവിൽ പിറക്കാനിരിക്കുന്ന പൊന്നോമനയ്‌ക്ക് അവര്‍ ഒരു പേര് നിശ്‌ചയിച്ചു ലിയനാര്‍ഡോ ഡികാപ്രി ”- ഇന്ന് ഓസ്‌കറിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഹോളിവുഡിന്‍റെ സ്വന്തം ജാക്ക്.

ഇപ്പോൾ കിട്ടിയില്ലെങ്കിൽ ഇനി ഒരിക്കലും കിട്ടില്ല എന്ന് ആവര്‍ത്തിച്ചവര്‍ക്ക് ലഭിച്ച സമ്മാനം കൂടിയായിരുന്നു റെവെനന്റിലൂടെ ലിയോ സ്വന്തമാക്കിയ ഓസ്‌കര്‍. നാല് തവണയാണ് കപ്പിനും ചുണ്ടിനുമിടയിൽ അര്‍ഹിച്ച ഓസ്‌കര്‍ ലിയോയില്‍ നിന്ന് അകന്നു പോയത്. 1993ലാണ് ലിയോ ഒസ്കർ പുരസ്കാരപ്പട്ടികയിൽ ആദ്യം ഇടം നേടുന്നത്. പിന്നീട് 2005ൽ 'ഏവിയേറ്റർ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും ഓസ്‌കര്‍ പട്ടികയിലെത്തി. അവിടെയും നിര്‍ഭാഗ്യങ്ങള്‍ വേട്ടയാടിയ ലിയോയെ 2007ലെ ബ്ലഡ് ഡയമണ്ടിലെ പ്രകടനം ലിയോയെ വീണ്ടും ഒസ്കർ ചടങ്ങിലേക്ക്​ എത്തിച്ചു. എന്നാല്‍ അവിടെയും നിരാശയായിരുന്നു ഫലം. 'വൂൾഫ് ഓഫ് വാൾസ്ട്രീറ്റ്' എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിന് വീണ്ടും ലിയോ മികച്ച നടന്‍റെ പട്ടികയിലേക്ക് ഇടം നേടിയെങ്കിലും ഓസ്‌കര്‍ എന്ന വിലപ്പെട്ട കനി അദ്ദേഹത്തില്‍ നിന്നും അകന്നു നിന്നു.

എന്നാല്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കിയ റെവെനന്റിലൂടെ ലിയോ കാര്യങ്ങള്‍ തകിടം മറിക്കുകയായിരുന്നു. കണ്ടവര്‍ കണ്ടവര്‍ ഒരു പോലെ ആവര്‍ത്തിച്ചു ഇത്തവണത്തെ ഓസ്‌കര്‍ ലിയോയ്‌ക്ക് തന്നെ. ഇപ്പോൾ കിട്ടിയില്ലെങ്കിൽ ഇനി ഒരിക്കലും കിട്ടില്ല എന്ന് അടുപ്പമുള്ളവരും വ്യക്തമാക്കിയതോടെ ഓസ്‌കര്‍ പട്ടികയില്‍ റെവെനന്റ് ചൂടുപിടിച്ചു. പ്രതീക്ഷയ്‌ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് റെവെനന്റിലൂടെ ലിയോ ഓസ്‌കര്‍ കൈപ്പിടിയില്‍ ഒതുക്കുബോള്‍ അതിന്  വെല്ലുവിളിയും കടിനദ്ധ്വാനത്തിന്റെയും വിലയുണ്ടായിരുന്നു.

പരസ്യവിഡിയോകളില്‍ നിന്ന് ടിവി സീരിയലുകളിലേക്കും അവിടെ നിന്ന് സിനിമയിലേക്കും കടന്ന ലിയോ ജീവിതത്തില്‍ തിരുത്തലുകള്‍ കുറിച്ച നടനാണ്. യുവകോമള വേഷങ്ങങ്ങള്‍ പതിവായി തേടിയെത്തിയപ്പോള്‍ അല്‍പ്പം വേദനയോടെ അതില്‍ നിന്ന് മുഖം തിരിക്കുകയും നല്ല കഥാപാത്രങ്ങളിലേക്ക് മാത്രം ശ്രദ്ധതിരിക്കുകയുമായിരുന്നു. അതിനുള്ള ഫലമായിരുന്നു  റെവെനന്റിലൂടെ ലിയോ നേടിയ ഓസ്‌കര്‍.