ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുള്ളയെ(64) വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി. വെള്ളിയാഴ്ച തെക്കന്‍ ലെബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള മേധാവി കൊല്ലപ്പെട്ടത്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുള്ളയ്ക്ക് ആയുധങ്ങളടക്കമുള്ള എല്ലാ പിന്തുണയും നല്‍കുന്നത് ഇറാനാണ്.
ഹസന്‍ നസ്‌റുള്ളയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം ഇത് ചരിത്രപരമായ വഴിത്തിരിവാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചു. ഇരകള്‍ക്ക് നീതി ലഭിച്ചുവെന്ന് പ്രതികരിച്ച യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഇസ്രായേലിനോട് അഭ്യര്‍ഥിച്ചു. ലെബനനിനെതിരെ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 800ലധികം പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് 50,000ത്തിനോടടുത്ത് ആളുകള്‍ ലെബനനില്‍ നിന്നും സിറിയയിലേക്ക് പാലായനം ചെയ്തതായാണ് യു എന്‍ കണക്കാക്കുന്നത്. സംഘര്‍ഷം 2 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചിട്ടുള്ളതെന്നും യു എന്‍ പറയുന്നു.