കെനിയയില്‍ 105 ടണ്‍ ആനക്കൊമ്പ് തീയിട്ട് നശിപ്പിച്ചു; നശിപ്പിച്ച ആനക്കൊമ്പുകള്‍ വേട്ടക്കാരില്‍ നിന്ന് പിടിച്ചെടുത്തത്

Webdunia
ഞായര്‍, 1 മെയ് 2016 (11:01 IST)
വേട്ടക്കാരില്‍ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ കെനിയയില്‍ തീയിട്ട് നശിപ്പിച്ചു. 105 ടണ്‍ ആനക്കൊമ്പ് ആണ് നശിപ്പിച്ചത്. രാജ്യത്തെ ദേശീയപാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ 11 ചിതകളിലായാണ് ഇവ കത്തിച്ചത്.
 
ആദ്യ ചിതയ്‌ക്ക് കെനിയയുടെ പ്രസിഡന്റ് ഉഹ്രു കെനിയാട്ട തീ കൊളുത്തി. ആനയെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞബദ്ധരാണ് തങ്ങൾ എന്ന് തെളിയിക്കുകയാണ് ഈ നടപടിയിലൂടെയെന്ന് ഉഹ്രു കെനിയാട്ട പറഞ്ഞു. കെനിയയിലെ ഏറ്റവും വലിയ ആനക്കൊമ്പ് നശീകരണമായിരുന്നു വെള്ളിയാഴ്ച നടന്നത്.
 
ആനക്കൊമ്പില്‍ തീര്‍ത്ത വിവിധ രീതികളിലുള്ള അലങ്കാര വസ്തുക്കളും 6,700 ആനകളുടെ കൊമ്പുകളുമാണ് നശിപ്പിക്കപ്പെട്ടത്. കൂടാതെ, ഇതോടൊപ്പം 1.35 ടണ്‍ കാണ്ടാമൃഗക്കൊമ്പുകളും നശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഇവ കത്തിതീരാൻ ദിവസങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനവേട്ടയും ആനക്കൊമ്പ് വിൽപനയും പൂര്‍ണമായി നിരോധിക്കണം. ആഫ്രിക്കക്കാര്‍ ആനകളില്ലാതെ ആഫ്രിക്കക്കാരാകില്ല. ആഫ്രിക്കയുടെ സംസ്കാരിക പൈതൃകമാണ് ആനകളെന്നും അവ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കെനിയാട്ട പറഞ്ഞു.
Next Article