കശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യ ഘടകമാണെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്. കശ്മീര്‍ പാകിസ്ഥാന്റെ അവിഭാജ്യഘടകമാണെന്നും പാക്കിസ്ഥാനില്‍ നിന്നും കശ്മീരിനെ വേര്‍പെടുത്താനാകില്ലെന്നും സൈനിക മേധാവി പറഞ്ഞു. വിഭജനത്തില്‍ പൂര്‍ത്തിയാകാത്ത അജന്‍ഡയാണ് കശ്മീരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കവേയാണ് പാക് സൈനികമേധാവി കശ്മീരിന് മേലുളള അവകാശവാദം ആവര്‍ത്തിച്ചത്. വിഭജനകാര്യത്തിലെ തീരാത്ത അജണ്ഡയാണ് കശ്‌മീര്‍. ഈ മേഖലയില്‍ സമാധാനവും സ്‌ഥിരതയും ആവശ്യമുണ്ട്. യുഎന്നിന്റെ തീര്‍പ്പിലൂടെ കാശ്‌മീര്‍ പാകിസ്‌താന്റെ ഭാഗമാകുന്നതിലൂടെയെ കശ്‌മീരില്‍ ആത്യന്തികമായി സമാധാനം ഉണ്ടാവുകയുള്ളെന്ന് ഷെരീഫ് പറഞ്ഞു. ഷെരീഫിന്റെ പ്രസ്‌താവന പിന്നീട് ഇന്റര്‍ സര്‍വീസസ് പബ്‌ളിക് റിലേഷന്‍ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അസിം ബജ്‌വ ട്വീറ്റ് ചെയ്‌തു.
ഭാവി യുദ്ധങ്ങളുടെ രൂപം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് റഹീല്‍ ഷരീഫ് പറഞ്ഞു. തീവ്രവാദത്തെ പിന്തുണച്ച് ശത്രുക്കള്‍ പാകിസ്ഥാനെ തകര്‍ക്കാന്‍ നോക്കുകയാണ്. എന്നാല്‍ ഇത്തരം ഹീനമായ പദ്ധതികളെ തകര്‍ക്കാനുളള പരിതസ്ഥിതിയും കഴിവും പാകിസ്ഥാനുണ്ടെന്നും റഹീല്‍ ഷെരീഫ് കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. പാകിസ്ഥാനെതിരെയും നിഴല്‍യുദ്ധം നടത്താന്‍ ഒരു രാജ്യങ്ങളെയും അനുവദിക്കില്ലെന്നും റഹീല്‍ ഷെരീഫ് പറഞ്ഞു.
ഗില്‍ജിത്, ബാല്‍റ്റിസ്‌ഥാന്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കത്തിനെതിരേ ഇന്ത്യ ശക്‌തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് പാക് സൈനിക തലവന്‍ രംഗത്ത് വന്നത്. കശ്‌മീരിലെ ഗില്‍ജിത്, ബാല്‍റ്റിസ്‌ഥാന്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 8 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാകിസ്‌താന്റെ നടപടിയെ അനധികൃതം എന്നായിരുന്നു ഇന്ത്യ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ അധീനപ്രദേശങ്ങളില്‍ അനധികൃത നടപടിക്കുള്ള നീക്കമെന്നാണ് ഇന്ത്യ ഇതിനെതിരേ പ്രതികരിച്ചത്. തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെട്ട് ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങള്‍ പാകിസ്‌താന്‍ നിഷേധിക്കാന്‍ ശ്രമിക്കരുതെന്ന് വിദേശകാര്യമന്ത്രി വികാസ് സ്വരൂപും പറഞ്ഞിരുന്നു.