ഇന്ത്യക്കെതിരെ റാലി: ബിലാവലിന് നേരെ മുട്ടയേറും തക്കാളിയേറും
തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (11:04 IST)
ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ യുകെയില്‍ സംഘടിപ്പിച്ച റാലിയില്‍ പരക്കെ ആക്രമണം. റാലിയില്‍ ബിലാവല്‍ പ്രസംഗിക്കവെ അദ്ദേഹത്തിന് നേരെ ആളുകള്‍ കോഴിമുട്ടയും തക്കാളിയും വെള്ളക്കുപ്പികളും വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം അക്രമാസക്തമായതോടെ പൊലീസ് ഇടപ്പെട്ട് റാലി അവസാനിപ്പിച്ചു.
ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ബിലാവല്‍ ഭൂട്ടോ യുകെയില്‍ സംഘടിപ്പിച്ച റാലിയില്‍ 2000 ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ആശങ്കയറിയിച്ച് ബ്രീട്ടീഷ് സര്‍ക്കാരിന് ഹര്‍ജി നല്‍കാനും ബിലാവലിന് പദ്ധതിയുണ്ടായിരുന്നു.
പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. ഇവര്‍ തന്നെയാണ് അദ്ദേഹത്തിന് നേരെ ഏറ് നടത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. കാശ്മീര്‍ പ്രശ്നം ആഗോള തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബിലാവല്‍ ഭൂട്ടോയുടെ ശ്രമമാണ് കേവലം 2000 ആളുകളുടെ മുന്നില്‍ പാളിയത്.