സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ അമര്‍ന്ന് നട്ടം തിരിയുന്ന ജര്‍മനി, ഇറ്റലി രാജ്യങ്ങള്‍ക്ക് പിന്നാലെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാനും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് വാര്‍ത്തകള്‍. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉത്പാദനം 1.6ലേയ്ക്ക് താഴ്ന്നത് ലോകരാജ്യങ്ങളില്‍ അമ്പരപ്പും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ലോകവിപണിയേ തന്നെ കാര്യമായി ബാധിക്കുന്നതാണ് ജപ്പാനിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാനെ മാന്ദ്യം പിടികൂടുന്നത്. ആഭ്യന്തര ഉപഭോഗവും കയറ്റുമതിയും കുറഞ്ഞതിനെതുടര്‍ന്ന് ജപ്പാന്റെ സാമ്പത്തിക വളര്‍ച്ച 2.1 ശതമാനമാകുമെന്നാണ് ധനകാര്യ വിദഗ്ദര്‍ പ്രവചിച്ചിരിക്കുന്നത്. മാന്ദ്യത്തിന്റെ സൂചനകള്‍ സ്ഥിരീകരിച്ചതോടെ ടോക്യോ ഓഹരി വിപണി 13 ശതമാനമാണ് തകര്‍ച്ച നേരിട്ടത്.
രാജ്യത്തെ ഉത്പാദന തോതിലും കയറ്റുമതിയിലും കാര്യമായ മാന്ദ്യം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, അടുത്ത ഒക്ടോബറില്‍ നടപ്പാക്കേണ്ട വില്പന നികുതി നിരക്ക് വര്‍ധന വൈകിപ്പിച്ചതും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ നടപ്പിലാക്കിയ വില്‍പന നികുതി വര്‍ധനവിനെതുടര്‍ന്ന് രണ്ടാം പാദത്തില്‍ ജിഡിപി 7.3 ശതമാനത്തിലെത്തിയിരുന്നു. 5 ശതമാനത്തില്‍നിന്ന് എട്ട് ശതമാനമായാണ് കഴിഞ്ഞ ഏപ്രിലില്‍ വില്‍പന നികുതി വര്‍ധിപ്പിച്ചത്. അടുത്തവര്‍ഷം ഒക്ടോബറില്‍ വില്പന നികുതി 10 ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.