ഞായറാഴ്ച ഇറ്റലിക്ക് കടല്‍ ദുരന്തങ്ങളുടെ ദിനം. അഞ്ഞൂറോളം യാത്രക്കാരുമായിപ്പോയ ഗ്രീക്ക് കപ്പല്‍ ഇറ്റാലി, ബാള്‍ക്കന്‍ മുനമ്പുകള്‍ക്കിടയ്ക്കുള്ള എയിഡ്രിയാറ്റിക് കടലില്‍ തീപിടിച്ചു. ഇതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഇറ്റലിയിലെ റെവന തുറമുഖത്തിന് സമീപം രണ്ട് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നു.
ഗ്രീസിലെ ഇഗൂമെനിസ്റ്റയില്‍നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് 478 യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പുറപ്പെട്ട 'നോര്‍മന്‍ അറ്റ്‌ലാന്റിക് ' എന്ന കപ്പലാണ് തീപിടിച്ചത്. കപ്പലിന്റെ താഴത്തെ കാര്‍ ഡെക്കില്‍ നിന്നാണ് തീപടര്‍ന്നത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ കപ്പലിന്റെ മുകള്‍ ഭാഗത്ത് അഭയം തേടിയിരിക്കുകയാണ്. അതേ സമയം കപ്പലില്‍ ഉണ്ടായിരുന്ന ലൈഫ് ബോട്ടില്‍ കയറി മുപ്പത്തഞ്ചോളം യാത്രക്കാര്‍ രക്ഷപ്പെട്ടു.
കുറച്ച് ആള്‍ക്കാരെ സമീപത്തുകൂടി പോവുകയായിരുന്ന മറ്റ് കപ്പലുകള്‍ രക്ഷപ്പെടുത്തി. സംഭവമറിഞ്ഞെത്തിയ ഗ്രീക്ക് തീരരക്ഷാസേന 150 യാത്രക്കാരെ രക്ഷിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ഇറ്റലിയും ഗ്രീസും അല്‍ബേനിയയും ശ്രമിക്കുകയാണ്. ഏഴ് ചരക്കുകപ്പലുകളും ഇറ്റലി തീരരക്ഷാസേനയുടെ കപ്പലും സമീപത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇറ്റലിയിലെ ബ്രീന്‍ഡെസീ തുറമുഖത്തുനിന്ന് അഗ്നിശമനകപ്പല്‍ പുറപ്പെട്ടിട്ടുണ്ട്. ഗ്രീസ് അഞ്ച് ഹെലിക്കോപ്റ്ററുകളും സേനാ ഹെലിക്കോപ്റ്ററും അയച്ചിട്ടുണ്ട്.
അതേ സമയം അതിശൈത്യവും പ്രതികൂലദിശയിലെ കാറ്റുംമൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത പുക ഉയരുന്നത് കാഴ്ചയെ മറയ്ക്കുന്നതിനാല്‍ ഹെലികോപ്റ്ററില്‍ ആളുകളെ രക്ഷിക്കാന്‍ കഴിയുന്നില്ല. അതിനിടെ റെവന തുറമുഖത്തിന് സമീപം കൂട്ടിയിടിച്ച കപ്പലുകളിലെ നാല് പേരെ കടലില്‍ വീണ് കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. കപ്പലുകളിലൊന്നില്‍ തുര്‍ക്കിയുടെയും മറ്റേതില്‍ ബെലിസിന്റെയും പതാകയാണ് പാറുന്നത്. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണം.