ഈജിപ്തിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റില്‍ കാര്‍ ബോംബ് സ്ഫോടനം

Webdunia
ശനി, 11 ജൂലൈ 2015 (11:42 IST)
ഈജിപ്‌തിന്റെ തലസ്ഥാനമായ കെയ്‌റോയിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നു കെട്ടിടത്തില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ പൊലീസുകാരാണ്. മൂന്ന് പേര്‍ വഴിയാത്രക്കാരും. കോണ്‍സുലേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഐഎസ് ഐഎസ് തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് പൊലീസ് തെരച്ചില്‍ നടത്തുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സമീപകാലത്ത് കെയ്‌റോയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ കാര്‍ ബോംബ് സ്‌ഫോടനമാണിത്. കഴിഞ്ഞ മാസം ഒരു പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടാമത്തെ സ്‌ഫോടനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഹിഷാം ബരാകത്ത് കൊല്ലപ്പെട്ടു.