യമന്‍ തരിപ്പണമാകുന്നു; ബോംബാക്രമണങ്ങളും വെടിവെപ്പും വ്യാപകം

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (13:20 IST)
ആഭ്യന്തര കലാപം രൂക്ഷമായ യമനില്‍ സൗദിയുടെ പോര്‍ വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണങ്ങള്‍ നടത്തുന്നു. ഹൂതികളുടെ സൈനികതാവളങ്ങളും യുദ്ധവിമാനങ്ങളും ലക്ഷ്യമാക്കിയിയായിരുന്നു സൗദി സഖ്യസേന ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. ഏദനില്‍ കഴിഞ്ഞ രാത്രിയിലെ ഏറ്റുമുട്ടലില്‍ 20 പേരും ശബ്വയിലെ ഏറ്റുമുട്ടലില്‍ 40 പേരും കൊല്ലപ്പെട്ടു. നൂറ് കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റ ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സന ലക്ഷ്യമാക്കിയായിരുന്നു സൗദി സഖ്യസേന ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. പ്രമുഖ തുറമുഖമായ ഹുദൈദയുടെ നഗരപ്രാന്തങ്ങളും ഹൂതി കലാപകാരികളുടെ സങ്കേതങ്ങളും സഖ്യസേന ആക്രമിച്ചു. നഖം, സവാന്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ശക്തമായ ബോംബാക്രമണമാണ് നടത്തിയത്. വലിയൊരു ഭാഗം പിടിച്ചടക്കിയ ഹൂതി കലാപകാരികളോട് വ്യവസ്ഥാപിത ഭരണത്തിന് വഴങ്ങാനും ആയുധങ്ങള്‍ അടിയറ വെക്കാനും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചു.

അതേസമയം അറബ് രാജ്യങ്ങളില്‍ ആശങ്കയുണര്‍ത്തി സുരക്ഷ ഭീഷണികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംയുക്തസേനക്ക് രൂപംനല്‍കാന്‍ ഈജിപ്തിലെ ശറമുശൈ്ശഖില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടിയില്‍ തീരുമാനമായി. യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമടക്കമുള്ള 40,000ത്തോളം സൈനികരെയാണ് ഇതിനായി നിയോഗിക്കുന്നത്.

റിയാദ്, കൈറോ എന്നിവിടങ്ങള്‍  ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംയുക്തസേന അറബ് രാജ്യങ്ങളുടെ സുരക്ഷയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. വിഷയത്തില്‍ കൂടുതല്‍ വ്യക്തതയും തീരുമാനവും സ്വീകരിക്കാന്‍ അറബ് രാജ്യങ്ങളിലെ സേനാപ്രതിനിധികള്‍ അടുത്തമാസം ഒത്തുചേരും. ആഭ്യന്തര കലാപങ്ങള്‍ അറബ് രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതും. ഐഎസ് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതുമാണ് സംയുക്തസേനക്ക് രൂപംനല്‍കാന്‍ കാരണമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.