സിറിയയില്‍ അമേരിക്കയ്‌ക്ക് തിരിച്ചടി; ഐഎസ് വേട്ട നടത്താന്‍ റഷ്യ നേരിട്ടിറങ്ങുന്നു

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (10:58 IST)
സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ക്കെതിരെ റഷ്യ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വ്യോമാക്രമണമുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് റഷ്യ നീക്കം നടത്തുന്നത്. അമേരിക്കയടക്കമുള്ള സഖ്യസേന ഐഎസിനെതിരെ ആക്രമണം നടത്തുന്നുണ്ടെങ്കിലും തങ്ങള്‍ ഒറ്റയ്‌ക്ക് ആക്രമണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇതിനോടകം തന്നെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിനൊപ്പം ഐഎസിനെതിരെ പോരാടുവാന്‍ റഷ്യന്‍ സൈനികരും സിറിയയില്‍ എത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്നും വന്‍ തോതില്‍ അയുധവും അസദിനു ലഭിക്കുന്നുണ്ട്. ഇതിനെതിരെ അമേരിക്കയടക്കമുള്ള സഖ്യരാജ്യങ്ങള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ സ്വീകരിച്ച നടപടികളില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.

അതേസമയം, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി സഹകരച്ച് ഐഎസിനെതിരെ പോരാടുവാനുള്ള ചര്‍ച്ചകളും റഷ്യയുടെ ഭാഗത്തു നിന്നും പുരോഗമിക്കുന്നുണ്ട്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി റഷ്യ അടുപ്പത്തിലാണ്. എന്നാല്‍ അസദ് ഭരണകൂടത്തെ നിക്കുകയാണ് യുഎസിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും താല്‍പര്യം.