മുഴുവന്‍ മുസ്ലിങ്ങളെയും കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം: ഒബാമ

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (08:31 IST)
ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണത്തിന്റെ പേരില്‍  മുഴുവന്‍ മുസ്ലിങ്ങളെയും കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഭീകരതയുടെ പേരില്‍ ഇസ്ലാംമത വിശ്വാസികളെയും സംശയത്തോടെ വീക്ഷിക്കുന്നത് ശരിയല്ല. അത്തരം നീക്കങ്ങള്‍ ഭീകരര്‍ മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജാതി- മത- രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി അമേരിക്കന്‍ ജനത ഒറ്റക്കെട്ടായി നിലകൊള്ളും. ഭീകരതയെ നേരിടുന്ന കാര്യത്തില്‍ അമേരിക്കന്‍ ജനത ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങും. ഭീകരതയുടെ പേരില്‍ മുഴുവന്‍ ഇസ്ലാംമത വിശ്വാസികളെയും സംശയത്തോടെ വീക്ഷിക്കരുതെന്നും അമേരിക്കന്‍ ജനതയോട് ഒബാമ പറഞ്ഞു. കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദ ആക്രമണത്തിനുശേഷം ഇത് മൂന്നാംതവണയാണ് മുസ്ലിങ്ങള്‍ക്കെതിരെ ഉയരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.