'ഇസ്ലാമിക് സ്റ്റേറ്റ് പൊതുശത്രു... ഒരുമിച്ച് നിന്ന് പൊരുതാന്‍ യു‌എന്‍ പ്രമേയം

Webdunia
ശനി, 21 നവം‌ബര്‍ 2015 (15:42 IST)
ആഗോള ഇസ്ലാമിക ഭീകരതയുടെ മൂര്‍ത്തരൂപമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് ( ഐ‌എസ്) ലോകത്തിന്റെ പൊതുശത്രുവെന്ന് ഐക്യരാഷ്ട്രസംഘടനാ പ്രമേയം. ഐഎസിനെതിരെയുള്ള ആക്രമണം ഇരട്ടിയാക്കാനുള്ള പ്രമേയം രക്ഷസമിതി ഐക്യകണ്ഠ്യേനയാണ് പാസാക്കിയത്.

പാരിസിൽ ഐഎസ് ന‌‌‌ടത്തിയ ആക്രമണത്തിമന്റെ പശ്ചാത്തലത്തിലാണു പ്രമേയം പാസാക്കിയിരിക്കുന്നത്. ഭീകരാക്രമണങ്ങളെ അടിച്ചമര്‍ത്താനും പ്രതിരോധിക്കാനും ഒരുമിച്ചു പ്രയത്നിക്കാൻ പ്രമേയം അംഗരാജ്യങ്ങളോടു ആവശ്യപ്പെ‌ടുന്നു. ഐഎസിനെതിരെ പൊരുതാന്‍ വേണ്ട നടപ‌ടികള്‍ സ്വീകരിക്കാൻ യുഎൻ അംഗരാജ്യങ്ങളു‌ടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാൻസാണ് അവതരിപ്പിച്ചത്.

അടുത്തിടെ തുര്‍ക്കി, ടുണീഷ്യ, അങ്കാറ എന്നിവിടങ്ങളിൽ നടത്തിയ ആക്രമണങ്ങളെയും പ്രമേയം കുറ്റപ്പെടുത്തി. ഐഎസ് ക്രൂരതയുടെ അവസാന ഇരയായ ഫ്രാൻസ് ഐഎസിനെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐ‌എസിനെ ഇല്ലാതാക്കാന്‍ യു‌‌എന്നില്‍ വരുന്ന രണ്ടാമത്തെ പ്രമേയമാണിത്. ആദ്യത്തെ പ്രമേയം റഷ്യയായിരുന്നു കൊണ്ടുവന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ കൊണ്ടുവന്ന റഷ്യന്‍ പ്രമേയം  പ്രാദേശിക സർക്കാരുകളുടെ സഹകരണം തേടുന്ന ചില ഭാഗങ്ങളുണ്ട് എന്ന് കാട്ടി യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ എതിര്‍ത്തു. ഇതേതുടര്‍ന്ന് റഷ്യയുടെ നീക്കം പരാജയപ്പെട്ടിരുന്നു.