പൊറുക്കാനാവാത്ത ക്രൂരത; കുർദ്ദിഷ് സൈന്യം വിരലുകൾ കൊണ്ട് കന്യകാത്വ പരിശോധന നടത്തുന്നു

Webdunia
ശനി, 30 ജനുവരി 2016 (16:08 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ക്ക് പിന്നാലെ കുർദിഷ് സൈന്യവും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഎസിന്റെ തടവില്‍ കഴിയുകയും ക്രൂരമായ ബലാത്സംഗത്തിനിരയാകുകയും ചെയ്‌ത ഇറാഖി യസീദി യുവതി നാദിയ മുറാദ് താഹയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകത്തോട് വിളിച്ചു പറഞ്ഞതിന് പിന്നാലെയാണ് ഈ വിവരം പുറത്താകുന്നത്.

ഐഎസിന്റെ തടവറയില്‍ നിന്ന് രക്ഷപ്പെട്ടെത്തുന്ന യസീദികള്‍ അടക്കമുള്ള പെണ്‍കുട്ടികളെ കുർദിഷ് സൈന്യം ക്രൂരമായ രീതിയില്‍ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് വാച്ച് വിമൺസ് റൈറ്റ്സ് ഡിവിഷനിലെ ഗവേഷകയായ റോത്‌ന ബീഗം വ്യക്തമാക്കുന്നത്.

ഐഎസിന്റെ തടവറയില്‍ മാസങ്ങളോളം നീണ്ടുനിന്ന പീഡനങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തുകയോ രക്ഷപ്പെട്ടെത്തുകയോ ചെയ്യുന്ന യുവതികളെ കുർദിഷ് സൈന്യം നിർബന്ധിത കന്യകാത്വ പരിശേധനയ്‌ക്ക് വിധേയമാക്കുകയാണ്. വിരലുകൾ ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് കന്യകാത്വ പരിശോധന നടത്തുന്നത്. കന്യാചർമ്മത്തിന് ക്ഷതമേറ്റിട്ടുണ്ടോ എന്ന് നേരിട്ടറിയാനാണ് ഈ പരിശേധന. തുറസായ സ്ഥലങ്ങളിലെ ടെന്‍ഡുകളില്‍ ഒന്നിലധികം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പലപ്പോഴും ഈ പരിശേധന നടത്തുന്നത്. ഈ സമയം പല പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും റോത്‌ന ബീഗം പറഞ്ഞു.

ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ യുവതികൾ പിന്നീടുള്ള നിർബന്ധിത പരിശോധനയിലും പീഡിപ്പിക്കപ്പെടുകയാണ്.
ഇത്തരത്തിലുള്ള പ്രാകൃതമായ പരിശേധനകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലാത്തതാണ് ഇത്തരം രീതികളെന്നും ബിഗം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ അടക്കം 3000 മുതൽ 5000 വരെ പെൺകുട്ടികളേയും സ്ത്രീകളേയുമാണ് ഐഎസ് ലൈംഗിക അടിമകളാക്കി വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.