ഇസ്ലാമിക തീവ്രവാദ സംഘമായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് വിദേശികളുടെ കുത്തൊഴുക്ക് നടക്കുന്നതിനിടെ ലോകത്തെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഐഎസില്‍ ചേരാനായി സിറിയയില്‍ എത്തി 30,000 വിദേശികളാണെന്ന് കണക്കുകള്‍. 2010ല്‍ 80 രാജ്യങ്ങളില്‍നിന്നുള്ള 15,000 പേരായിരുന്നു ഐ.എസ്സില്‍ ചേര്‍ന്നത്.
അമേരിക്കന്‍ രഹസ്യാനേ്വഷണ ഏജന്‍സിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇറാഖിലും സിറിയയിലും ഐ.എസ്സിനൊപ്പം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാണ് ഇവരിലധികംപേരും എത്തിയത്. നൂറിലധികം രാജ്യങ്ങളില്‍നിന്നുള്ളവരാണ് 2011നുശേഷം സിറിയയിലെത്തിയത്. തീവ്രവാദസംഘടനകളില്‍ തങ്ങളുടെ പൗരന്മാര്‍ പങ്കാളികളാകാതിരിക്കാന്‍ രാജ്യങ്ങള്‍ ശക്‌തമായ നടപടിയെടുക്കുന്നുണ്ടെങ്കിലും ഐ.എസ്സില്‍ ചേരുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
ഈ സ്‌ഥിതി ഇപ്പോഴും തുടരുന്നതായി യു.എസ്. ആഭ്യന്തരവകുപ്പിന്റ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴിഞ്ഞവര്‍ഷം അമേരിക്കയില്‍നിന്ന് നൂറോളം പേര്‍ ഐ.എസില്‍ ചേരാനായി സിറിയയില്‍ എത്തിയിരുന്നു. ഈ വര്‍ഷമിത് 250 ആയി ഉയര്‍ന്നതായും ഏജന്‍സി വ്യക്‌തമാക്കി.