മൊസൂള്‍ വീഴാന്‍ മണിക്കൂറുകള്‍ മാത്രം; ഒരിക്കലും പിന്‍വാങ്ങരുതെന്ന് ബാഗ്ദാദിയുടെ നിര്‍ദേശം
വ്യാഴം, 3 നവംബര്‍ 2016 (14:00 IST)
ഇറാഖ് നഗരമായ മൊസൂളില്‍നിന്ന് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെ (ഐഎസ്) തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെ ശക്തമായ നിര്‍ദേശവുമായി ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി രംഗത്ത്. ഓഡിയോ സന്ദേശത്തിലൂടെയാണ്
ഒരു സാഹചര്യത്തിലും പിന്‍വാങ്ങരുതെന്നാണ് ഐഎസ് പ്രവര്‍ത്തകര്‍ക്ക് ബാഗ്ദാദി നല്‍കിയിരിക്കുന്ന നിര്‍ദേശം. സൈന്യം മൊസൂളില്‍ പ്രവേശിക്കുന്ന സാഹചര്യം സംജാതമായതോടെയാണ് ബുധനാഴ്‌ച അദ്ദേഹം ഈ നിര്‍ദേശം നല്‍കിയത്. ഐഎസുമായി ബന്ധമുള്ള അല്‍ ഫുര്‍ഖാന്‍ മീഡിയയാണ് ഓഡിയോ സന്ദേശം പുറത്തുവിട്ടത്.
ഒരിക്കലും പിന്‍വാങ്ങരുത്. അഭിമാനത്തോടെ സ്വന്തം ഭൂമി കൈയടക്കി പിടിക്കുന്നത് നാണംകെട്ട് പിന്‍വാങ്ങുന്നതിലും ആയിരം ഇരട്ടി എളുപ്പമാണ്. നിനവേയിലെ എല്ലാവരും, പ്രത്യേകിച്ചു പോരാളികളും ശത്രുവിനെ നേരിടുന്നതില്‍ എന്തെങ്കിലും ദൗര്‍ബല്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതിനെ കരുതിയിരിക്കണമെന്നും ബാഗ്ദാദി നിര്‍ദേശം നല്‍കുന്നുണ്ട്.
ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് എല്ലാ മേഖലയില്‍നിന്നും ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് സഖ്യസേന. ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ യഥാർഥ മോചനം ആരംഭിച്ചതായി സഖ്യസേന പ്രഖ്യാപിച്ചു. 4000 മുതല്‍ 7000 വരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്.