ഇറാഖിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) പിടിയിലുള്ള മൊസൂള്‍ നഗരത്തിലേക്ക് ഏതുനിമിഷവും ഇറാഖി സൈന്യം എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. സമീപ പ്രദേശങ്ങളിലെ മിക്ക ഗ്രാമങ്ങളും നിയന്ത്രണത്തിലാക്കിയ സൈന്യം ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കേന്ദ്രീകരിച്ച് നീങ്ങുകയാണ്.
ബാഗ്ദാദി മൊസൂള്‍ നഗരത്തില്‍ തന്നെയുണ്ടെന്നും അവിടെ നിന്നും അദ്ദേഹം പുറത്തു കടന്നിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മൊസൂള്‍ അരിച്ചു പെറുക്കാനാണ് സൈന്യത്തിന്റെ തീരുമാനം. ബാഗ്ദാദി രക്ഷപ്പെടുന്നതിന് മുമ്പ് നഗരം പിടിച്ചെടുത്ത് ഐഎസിനുമേല്‍ വിജയം തീര്‍ക്കാനാണ് പട്ടാളത്തിന്റെ തീരുമാനം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഐഎസിന്റെ അധീനതയിലുള്ള ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഖുറാഖോഷ് നഗരത്തിന്റെ പാതിയും ഇപ്പോള്‍ സൈന്യത്തിന്റെ കീഴിലായി. മൂന്ന് നാല് മൈലുകള്‍ കൂടി നീങ്ങിയാല്‍ മൊസൂള്‍ നഗരത്തിന്റെ അതിര്‍ത്തി കടക്കാന്‍ സാധിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു.
രണ്ടു ദിവസമായി തുടരുന്ന ശക്തമായ ആക്രമണത്തില്‍ 50 ഐഎസ് ഭീകരര്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ മരിക്കുകയും ചെയ്‌തു. 25 സൈനികര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൊസുളിനടത്തുള്ള അല്‍ അബ്‌സി ഗ്രാമത്തില്‍ സൈന്യത്തെ ഐ എസ് ഭീകരര്‍ വളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
40,000ത്തോളം സൈനികരാണ് ഇപ്പോള്‍ യുദ്ധമുഖത്തുള്ളത്. ഇറാഖി കുര്‍ദ് സൈനികരാണ് മൊസൂളിലെ യുദ്ധത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്. ആക്രമണങ്ങളില്‍ ആള്‍നാശം സംഭവിച്ച ഐഎസിന് ഇനി അയ്യായിരമോ ഏഴായിരമോ പോരാകളെ മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നാണ് ഇന്റലിജന്‍സ് വിവരങ്ങള്‍.
സൈന്യത്തിന് സഹായകമായി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേനയുമുണ്ട്. മൊസൂള്‍ കേന്ദ്രീകരിച്ച് പോരാട്ടം ശക്തമായതോടെ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളെല്ലാം സൈന്യം ഒഴിപ്പിച്ചു കഴിഞ്ഞു. ഗ്രാമവാസികളുടെ ജീവന്‍ രക്ഷിക്കുക മാത്രമല്ല ലക്ഷ്യം, ഐസിസുകാര്‍ നുഴഞ്ഞ് കയറുന്നത് തടയുക കൂടിയാണ്.
പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി നഗരത്തില്‍ നിന്ന് പുറത്തേക്ക് ഒരുപാട് തുരങ്കങ്ങള്‍ ഐസിസ് നിര്‍മിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടയില്‍ പരമാവധി നാശനഷ്ടം ഉണ്ടാക്കാന്‍ ചാവേറുകളേയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.