ഇന്ത്യക്കാരെ ബന്ധികളാക്കിയത് മനുഷ്യക്കവചമാക്കാന്‍?

Webdunia
ഞായര്‍, 22 ജൂണ്‍ 2014 (13:15 IST)
ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യക്കാരെ സുന്നി വിമതര്‍ മനുഷ്യകവചമായി ഉപയോഗിച്ചേക്കുമെന്ന് സൂചന ലഭിച്ചതോടെ ഇന്ത്യ ആശങ്കയിലായി. ബന്ദികളില്‍ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട ഹര്‍ജീത് സിംഗ് ഇതുസംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതൊടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആശങ്കയിലായത്.

അമേരിക്കയുടെയും ഇറാഖിന്റെയും ഭാഗത്ത് നിന്ന് സൈനികാക്രമണം ഉണ്ടായാല്‍ ബന്ദികളായ 39 ഇന്ത്യക്കാരെ മുന്‍നിരയില്‍ നിര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് സുന്നി വിമതരുടെ നീക്കമെന്നാണ് സൂചന. ഇറാഖിലെ മനുഷ്യാവകാശസംഘടനയായ റെഡ് ക്രസന്റും ഇതേ ആശങ്ക പങ്കുവെക്കുന്നു.

കഴിഞ്ഞ ദിവസം ബന്ദികളില്‍ നിന്ന് രക്ഷപ്പെട്ട പഞ്ചാബ് സ്വദേശി ഹര്‍ജീത് സിംഗ് ബന്ദികളെ കൊണ്ട് സുന്നി വിമതര്‍ മാടുകളെ പോലെ പണിയെടുപ്പിച്ചിരുന്നതായി വെളിപ്പെടുത്തി. സുന്നി വിമതര്‍ ബന്ദികളുടെ താമസസ്ഥലം നിരന്തരം മാറ്റുന്നതായി സര്‍ക്കാരിന് വിവരം കിട്ടിയിട്ടുണ്ട്.

മൊസൂളിലും പരിസരപ്രദേശങ്ങളിലുമായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് സൂചന. നിലവിലെ അവസ്ഥ കൂടുതല്‍ വഷളാക്കാതെ സൗദി അറേബ്യയുടെ സഹായത്തോടെ സുന്നി വിമതരെ അനുനയിപ്പിച്ച് ബന്ദികളെ രക്ഷപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.

അതേസമയം ഇറാഖില്‍ പണിയെടുക്കുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് ചില കമ്പനികള്‍ പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയാണുള്ളതെന്നും ആംനസ്റ്റി ഇന്‍ന്‍ര്‍നാഷണല്‍ അറിയിച്ചു.