നഴ്‌സുമാരെ കെസ്സയിലെത്തിച്ചു; സ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്ക്

Webdunia
വ്യാഴം, 3 ജൂലൈ 2014 (15:35 IST)
ഇറാഖിലുള്ള മലയാളി നഴ്‌സുമാര്‍ക്ക്  സ്ഫോടനത്തില്‍ പരുക്കേറ്റു. ആറു പേര്‍ക്ക് പരുക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരുക്ക് ഗുരുതരമല്ല. ഇവരെ മൊസൂള്‍ നഗരത്തിന് സമീപത്തെ കെസ്സയിലേക്ക് ഭീകരര്‍ എത്തിച്ചതായാണ് സ്ഥിരീകരണം. ഭീകരര്‍ ആശുപത്രിയുടെ സമീപത്ത് നടത്തിയ ബോബ് സ്ഫോടത്തിലാണ് നഴ്‌സുമാർക്ക് പരുക്കേറ്റത്. വാഹനത്തിന്റെ ചില്ല് തകര്‍ന്ന് വീണാണ് ഇവര്‍ക്ക് പരുക്ക് പറ്റിയത്.

ഭീകരര്‍ ആശുപത്രി ബോബ് വെച്ച് തകര്‍ക്കുകയും തുടര്‍ന്ന് നഴ്‌സുമാരെ വാഹനത്തില്‍ കയറ്റുകയുമായിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ടര മണിയോടെയാണ് ബോബ് സ്ഫോടനം നടന്നത്. തുടര്‍ന്ന് 46 നഴ്‌സുമാരെയും നാല് ഭീകരരടങ്ങുന്ന സംഘം തിക്രിത്ത് നഗരത്തിലെ ആസ്പത്രിയില്‍ നിന്ന് മൊസൂള്‍ നഗരത്തിന് സമീപത്തെ കെസ്സയിലേക്ക് മാറ്റിയത്.

സ്ഫോടനത്തിനു ശേഷം സമയം മൂന്നരയോടെ  5461 എന്ന നമ്പരിലുള്ള ചുവപ്പും കറുപ്പും നിറമുള്ള വാഹനത്തിലാണ് 46 നഴ്‌സുമാരെയും അജ്ഞാതര്‍ കൊണ്ടു പോകുന്നത്. വാഹനത്തില്‍ നഴ്‌സുമാർക്ക് സംസാരിക്കുന്നതിനും ഫോണ്‍ വിളിക്കുന്നതിനും ഭീകരര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എല്ലാവരും ഒരു വാഹനത്തില്‍ തന്നെയാണ് യാത്ര ചെയ്യുന്നത്. നഴ്‌സുമാര്‍ യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷനോട് ഫോണില്‍ സംസാരിച്ചതിനാലാണ് ഈ കാര്യം വെളിവായത്.