കനത്ത പോരാട്ടം നടക്കുന്ന ഇറാഖില്‍ ബെയ്ജിയിലുള്ള ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല പിടിച്ചെടുത്തെന്ന് ഐഎസ്ഐഎസ് വിമതര്‍ അവകാശപ്പെട്ടു. ഇറാഖിലെ എണ്ണ ശുദ്ധീകരണത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് ബെയ്ജിയിലാണ്.
രാജ്യത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല വിമതരുടെ പിടിയിലായതോടെ രാജ്യത്തെ ഇന്ധനക്ഷാമം രൂക്ഷമാകും. വിമതരുടെ ആവശ്യത്തിനായാണ് ബെയ്ജി പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റുമുട്ടലിനിടെ എണ്ണശുദ്ധീകരണ ശാലയുടെ നിയന്ത്രണം പലതവണ ഏറ്റെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിമതര്‍ പിന്‍മാറാതെപോരാട്ടം തുടര്‍ന്നതിനാല്‍ സൈന്യത്തിന് പിന്മാറേണ്ടി വരുകയായിരുന്നു.
ഇറാഖിലെ വിവിധ നഗരങ്ങള്‍ കീഴടക്കി മുന്നേറുന്ന വിമതര്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് ലക്ഷ്യമാക്കിയുള്ള മുന്നേറ്റം തുടരുകയാണ് വിമതര്‍.