ഇറാഖിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ അയച്ചു

Webdunia
ഞായര്‍, 15 ജൂണ്‍ 2014 (11:38 IST)
ആക്രമം തുടരുന്ന ഇറാഖില്‍  പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കുന്ന വിമത പോരാളികളെ നേരിടാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ ഗള്‍ഫിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ അയച്ചു. യുഎസ്എസ് ജോര്‍ജ് എച്ച്ഡബ്ലു ബുഷ് എന്ന വിമാനവാഹിനിക്കപ്പലാണ് വടക്കെ അറേബ്യന്‍ കടലിലേക്ക് അയച്ചത്. നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാലാണ് അമേരിക്ക കപ്പല്‍ അയക്കാന്‍ തീരുമാനിച്ചത്.

ഭീകരരെ തുരത്താന്‍ വ്യോമാക്രമണം പരിഗണിക്കുമെന്ന് അമേരിക്ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബാഗ്ദാദിനെ സംരക്ഷിക്കാന്‍ ഒരു പുതിയ സുരക്ഷാപദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയവും വെളിപ്പെടുത്തി.

വിമത പോരാളികളെ നേരിടാന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ തയാറാണെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയാണ് തെഹ്റാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇറാഖിലേക്ക് ഇതുവരെ സൈന്യത്തെ അയച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.