അമേരിക്കന്‍ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇറാഖില്‍ സൈന്യത്തെ അണിനിരത്തി ഇറാന്‍. അമേരിക്കന്‍ തെരെഞ്ഞെടുപ്പിന് മുന്‍പ് ഇസ്രായേലിന് നേരെ ആക്രമണം നടത്തുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനി പ്രഖ്യാപിച്ചതിന് പിന്നലെയാണ് ഇറാന്‍ സൈന്യത്തിന്റെ നീക്കം.
അമേരിക്കന്‍ തെരെഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നീക്കം എന്നതിനാല്‍ തന്നെ പശ്ചിമേഷ്യ മൊത്തം ആശങ്കയിലാണ്. ഇസ്രായേലും അമേരിക്കയും ഇന്ന് വരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നാണ് ഖമയനിയുടെ പ്രഖ്യാപനം. ഇസ്രായേലിനെ എതിര്‍ക്കുന്നതില്‍ നിന്നും ഇറാനും സഖ്യകക്ഷികളും പിന്നോട്ട് പോകില്ലെന്നാണ് ഇറാന് മുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ശേഷം ഖമയനി വ്യക്തമാക്കിയത്.
അതേസമയം അമേരിക്കന്‍ യുദ്ധക്കപ്പലുകളെയും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളെയും ഇറാനും സഖ്യകക്ഷികളും ആക്രമിക്കുമെന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഐ അമേരിക്കയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നാലെ അമേരിക്ക ആധുനിക ബോംബറുകള്‍ ഉള്‍പ്പടെയുള്ളവ മേഖലയില്‍ വിന്യസിച്ചിരുന്നു. നിലവില്‍ ഇസ്രായേലിന് കവചമൊരുക്കാനായി അരലക്ഷത്തോളം അമേരിക്കന്‍ സൈനികര്‍ മേഖലയിലുണ്ട്.
ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വഴി കപ്പലുകള്‍ ആക്രമിക്കാനാണ് സാധ്യത അധികവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നിലവില്‍ ഇറാന് പുറമെ റഷ്യ നല്‍കിയ ആയുധങ്ങളും ഇവരുടെ കൈവശമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ഇറാഖിലെ വ്യോമ പാത അമേരിക്ക തുറന്നുകൊടുത്തിരുന്നു. ഇതാണ് അമേരിക്കയ്‌ക്കെതിരെ തിരിയാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്.