ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഉത്തരകൊറിയ; പരീക്ഷണ ശാലകള്‍ പൂട്ടുന്നു - പ്രശംസിച്ച് ലോകരാജ്യങ്ങള്‍

ശനി, 21 ഏപ്രില്‍ 2018 (09:11 IST)
ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി നിലകൊണ്ട ഉത്തരകൊറിയ പുതിയ തീരുമാനത്തില്‍.
ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി പ്രസിഡന്റ് കിം ജോംഗ് ഉന്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിംഗിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് മുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവക്കുമെന്നാണ് കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം. ഒപ്പം ആണവ പരീക്ഷണ ശാല അടച്ചുപൂട്ടുമെന്നും കിം പ്രഖ്യാപിച്ചു.

ഉത്തരകൊറിയയയുടെ നിര്‍ണായക ചുവടുവയ്പ്പിനെ അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പ്രശംസിച്ചു.

തെക്കന്‍ കൊറിയന്‍ പ്രസിഡന്റുമായി ഈ മാസവും ഡോണള്‍ഡ് ട്രംപുമായി ജൂണിലും ചര്‍ച്ച നടക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ നിര്‍ണായക നീക്കം. കൂടാതെ, സാമ്പത്തികമായി രാജ്യം പുരോഗതിയിലേക്ക് നീങ്ങേണ്ടതും മുന്‍ നിര്‍ത്തിയാണ് കിം പുതിയ തീരുമാനം സ്വീകരിച്ചത്.

എല്ലാ ആണവ പരീക്ഷണങ്ങളും തത്കാലത്തേക്കു നിർത്തിവയ്ക്കാനും പ്രധാന പരീക്ഷണ ശാലകൾ അടച്ചിടാനും ഉത്തര കൊറിയ സമ്മതിച്ചതായി അറിയിച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു. അവർക്കും ലോകത്തിനും നല്ല വാർത്തയാണിത്. വലിയ പുരോഗമനമാണിത്. നമ്മുടെ ഉച്ചകോടിക്കായി കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍