റഷ്യക്കെതിരെ കൂടുതല്‍ നീക്കം; സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സമയമായിട്ടില്ല - ഹാലെ
തിങ്കള്‍, 16 ഏപ്രില്‍ 2018 (09:53 IST)
സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്കാന് റഷ്യ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ്.
ലക്ഷ്യം നേടും വരെ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി.
അമേരിക്കയുടെ നേതൃത്വത്തില്‍ ബ്രിട്ടനും ഫ്രാന്‍സും സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് യുഎന്നില്‍ റഷ്യ കൊണ്ടുവന്ന പ്രമേയം പതിനഞ്ചംഗ സമിതിയില്‍ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ചൈനയും ബൊളീവിയയും റഷ്യയെ പിന്തുണച്ചപ്പോള്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.