രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലായ്‌മ ചെയ്‌തില്ലെങ്കില്‍ പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി പാക് പത്രം രംഗത്ത്.
രാജ്യം ഒറ്റപ്പെട്ടാൽ അതിന്റെ ഫലം ഗുരുതരമായിരിക്കും. ഏറ്റവും അടുത്ത സുഹൃത്തായ ചൈന പോലും ഭീകരതയ്ക്കെതിരായ പാകിസ്ഥാന്റെ നിർജീവാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണെന്നും സർക്കാരിനോടും സൈന്യത്തോടും അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാനിലെ മുന്‍നിര ദിനപത്രമായ ദ് നേഷനാണ് മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നു.
രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. അതിന്റെ ഭാഗമായിട്ടാണ് ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള ഭീകര പ്രവർത്തനത്തിന്റെ മാതൃത്വം പാകിസ്ഥാനാണെന്ന് പറഞ്ഞത്. സാർക് സമ്മേളനം ഉപേക്ഷിക്കപ്പെട്ടതും പാക് താരങ്ങളെ ഇന്ത്യ ബഹിഷ്‌കരിച്ചതും പാകിസ്ഥാനെ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും പത്രം പറയുന്നു.
ഭീകരരെ അടിച്ചമർത്തുമെന്നു പാക് ഭരണകൂടം വാക്കുകളിലൂടെയല്ല, മറിച്ച് പ്രവർത്തിയിലൂടെ തെളിയിക്കണം. പാക് മണ്ണിലെ ഭീകരരെ തുരത്താൻ ഇനിയും പാകിസ്ഥാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തിന് ആഗോള തലത്തിൽ തന്നെ കനത്ത ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരും. പാകിസ്ഥാനെ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ എത്രത്തോളം ശ്രമിക്കുന്നു എന്നതിന് ഉദാഹരണമാണ് മോദിയുടെ പ്രസ്താവനയെന്നും പത്രത്തില്‍ വ്യക്തമാക്കുന്നു.
പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറിനെതിരെയും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിനെതിരെയും എന്തുകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല.
പാകിസ്ഥാന്റെ പ്രതിച്ഛായ മറ്റുള്ളവർക്കു മുമ്പിൽ മോശമായിക്കൊണ്ടിരിക്കുന്നതിൽ ആകുലതയുണ്ട്. നമ്മുടെ ചില നടപടികൾ ന്യായീകരിക്കാനാവാത്തതാണ്. എല്ലാവർക്കും ഇതറിയാം. ഇനി എത്രകാലം മറ്റുള്ളവർക്കു മുമ്പിൽ അഭിനയിക്കാൻ കഴിയുമെന്നും മുഖപ്രസംഗം ചോദിക്കുന്നു.