ഭീകരരുടെ സഹായത്തോടെ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടി ലഭിക്കുമോ എന്ന ഭയത്തില്‍.
ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാന് എയർലൈൻസിന്റെ പ്രതിവാര മുംബൈ- കറാച്ചി വിമാന സർവീസ് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ പാക് അധികൃതര്‍ തീരുമാനിച്ചു.
വരുന്ന വ്യാഴാഴ്ച മുതൽ വിമാന സർവീസ് ഉണ്ടായിരിക്കില്ലെന്ന് പാക് എയർലൈൻസ് വ്യക്തമാക്കിയെങ്കിലും അതിനുള്ള കാരണം എന്താണെന്ന് പറഞ്ഞിട്ടില്ല.
എല്ലാ വ്യാഴാഴ്‌ചയും നടത്തിവന്നിരുന്ന വിമാന സര്‍വീസ് പാകിസ്ഥാന്‍ പെട്ടെന്ന് നിര്‍ത്തിവച്ചത് ഇരുരാജ്യങ്ങൾക്കും
ഇടയിലുണ്ടായ സംഘർഷങ്ങളുടെ ഭാഗമായിട്ടാണെന്നാണ് നിഗമനം. കഴിഞ്ഞ വ്യാഴാഴ്‌ചയും വിമാന സർവീസ് ഉണ്ടായിരുന്നില്ല.
ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ നടപടിക്ക് കടുത്ത തിരിച്ചടി നല്‍കുമെന്ന് പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.
അതേസമയം, കശ്മീരിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുന്ന ഭീകരരെ പിടികൂടാൻ സൈന്യത്തിനൊപ്പം പൊലീസും അർധസൈനിക വിഭാഗവും തെരച്ചില്‍ നടത്തുന്നുണ്ട്.
4,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണു ദക്ഷിണ കശ്മീരിൽ നടത്തിയ തിരച്ചിലിൽ ഉൾപ്പെടുത്തിയത്. ഷോപ്പിയാൻ ജില്ലയിൽ സൈന്യം വ്യാപക തിരച്ചിൽ തുടരുകയാണ്.