''തന്നെ പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കുന്നു'' ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേപ്പാള്‍ പ്രധാനമന്ത്രി

വെള്ളി, 15 ജൂലൈ 2016 (08:45 IST)
തന്നെ പുറത്താക്കാന്‍ ഇന്ത്യയില്‍ നിന്നും വലിയ ശ്രമങ്ങള്‍ നടക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി. കാഠ്മണ്ഡുവില്‍ അഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യക്കെതിരെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. 
 
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ പിന്തുണ നഷ്ടപ്പെട്ട് സര്‍ക്കാര്‍ അനിശ്ചിതത്വത്തിലായതോടെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നേപ്പാള്‍ വിഷയത്തില്‍ ഇന്ത്യ അനാവശ്യമായി ഇടപെടുന്നുവെന്ന് ഒലി വിമര്‍ശനമുയര്‍ത്തിയത്.
 
ഒലിയുടെ ഭാഗത്ത് നിന്നും ഇത്തരം പ്രസ്താവന ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ഇന്ത്യയുടെ വിദേശ കാര്യ വക്താവ് അജിത് ഡോവല്‍ പ്രതികരിച്ചത്. ഇങ്ങനെയൊരു പ്രതികരണം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വാദത്തെ തള്ളുന്നുവെന്നും ഡോവല്‍ വ്യക്തമാക്കി. 
 
പിന്തുണ നഷ്ടമായാലും രാജിവക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയ ഒലി പ്രതിപക്ഷ നീക്കങ്ങളെ നേരിടാന്‍ തന്നെയാണ് തിരുമാനിച്ചിരിക്കുന്നത്. ജൂലയ് 23 നാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ മേയില്‍ സര്‍ക്കാരിനെ താഴേയിറക്കാനുള്ള മാവോയിസ്റ്റുകളടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇതേ വിമര്‍ശനം ഇന്ത്യക്കെതിരെ ഒലിയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഉന്നയിച്ചിരുന്നു
 

വെബ്ദുനിയ വായിക്കുക