മുൻകരുതലുകൾ എടുക്കണം, കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം; ഇന്ത്യയിലെത്തുന്ന പൗരൻമാർക്ക് ചൈനയുടെ മുന്നറിയിപ്പ്

Webdunia
ശനി, 8 ജൂലൈ 2017 (17:46 IST)
ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ആവശ്യമെങ്കിൽ മുൻകരുതലുകൾ എടുക്കണമെന്നും  ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിപ്പ് നൽകി.

പൗരന്മാർക്ക് യാത്രാ വിലക്കിനുള്ള നിർദ്ദേശമല്ല നൽകിയതെന്നും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു.

ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരൻമാർ ഒരു വർഷം ഇന്ത്യയിൽ എത്തുന്നുവെന്നാണ് കണക്ക്.

സിക്കിം അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നാണ് സ്വന്തം പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ഇന്ത്യയും ഭൂട്ടാനും ചൈനയും അതിർത്തി പങ്കിടുന്ന ദോക്‌ ലാമിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. ഇക്കാര്യത്തില്‍ ചൈന തുടരുന്ന കടും പിടുത്തമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകാന്‍ കാരണം.
Next Article