' ശരിയായ വിസയില്‍ നിയമപരമായി അമേരിക്കയിലേക്ക് പോകാന്‍ ഒരു ഏജന്റ് മുഖേനയാണ് കരാര്‍ തയ്യാറാക്കിയത്. 30 ലക്ഷം രൂപയ്ക്കായിരുന്നു ഇടപാട്. പക്ഷേ ഞാന്‍ വഞ്ചിക്കപ്പെട്ടു. എന്റെ പണമെല്ലാം നഷ്ടപ്പെട്ടു,' ജസ്പാല്‍ പറഞ്ഞു. 11 ദിവസം മാത്രമാണ് യുഎസില്‍ ചെലവഴിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പട്രോളിങ് സംഘം പിടികൂടി തന്നെ തടങ്കലില്‍ വയ്ക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞു.
' ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണെന്ന് അറിയില്ലായിരുന്നു. വിമാനത്തില്‍ കയറ്റിയപ്പോള്‍ ഞാന്‍ കരുതിയത് മറ്റൊരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരിക്കുമെന്നാണ്. പിന്നീടാണ് ഒരാള്‍ പറഞ്ഞത് ഇന്ത്യയിലേക്ക് തിരിച്ചു പോകുകയാണെന്ന്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. അമൃത്സറില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് വിലങ്ങുകള്‍ അഴിച്ചത്,' ജസ്പാല്‍ സിങ് വെളിപ്പെടുത്തി.
അനധികൃത കുടിയേറ്റം ആരോപിച്ച് യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഇന്നലെയാണ് പഞ്ചാബിലെത്തിയത്. 104 പേര്‍ വിമാനത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ മുപ്പതുപേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 ഹരിയാനക്കാരും 33 ഗുജറാത്തുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇന്ത്യക്കാരെ യുഎസ് തിരിച്ചയയ്ക്കുമെന്നാണ് വിവരം.