സൗദി അതിര്‍ത്തിയില്‍ ഹൂതികള്‍ ഷെല്ലാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള ശ്രമം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഊര്‍ജ്ജിതമാക്കി. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഹൂതികള്‍ ഷെല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ശ്രമം ആരംഭിച്ചിരിക്കുന്നത്. വെടി നിര്‍ത്തല്‍ കാലാവധി കഴിഞ്ഞുളള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കരയുദ്ധത്തിലേക്ക് നീങ്ങുകയോ, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുകയോ ചെയ്താല്‍ സൗദി അധികൃതരുടെ സഹായത്തോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ മന്ത്രാലയം ഈന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരുളള യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് നജ്‌റാന്‍. 30,000 ഇന്ത്യക്കാര്‍ നജ്‌റാനില്‍ ഉളളതായാണ് കണക്കാക്കുന്നത്. ഇതില്‍ 35 ശതമാനം മലയാളികളാണ്. ഹൂതികള്‍ ഷെല്ലാക്രമണം നടത്തിയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
ഇതിനിടെ ഇന്ത്യക്കാര്‍ ഉള്പ്പെ്ടെ നിരവധിയാളുകളെ ആക്രമണ സ്ഥലങ്ങളില്‍ നിന്ന് സൗദി അധികൃതര്‍ മാറ്റി പാര്‍പ്പിച്ചു. ഇന്ത്യയിലേക്ക് മടങ്ങാന്‍ സന്നദ്ധരായവര്‍ക്ക് തൊഴിലുടമ എക്‌സിറ്റ് റീ എന്ട്രി നല്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിനെ സമീപിച്ചതായി കോണ്‍സല്‍ ജനറല്‍ ബി എസ് മുബാറക് പറഞ്ഞു. സൗദി അധികൃതരുമായും നജ്‌റാനിലെ മലയാളി കൂട്ടായ്മകള്‍ ഉള്‍പ്പെടെയുളളവരുമായും കോണ്‍സല്‍ ജനറല്‍ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടുന്ന ഉന്നത തല സംഘം നജ്രാനില്‍ എത്തിയിട്ടുണ്ട്.