വെറും മൂന്ന് മണിക്കൂര്‍... രണ്ട്നില വീട് ദേ റെഡി..!

Webdunia
ചൊവ്വ, 21 ജൂലൈ 2015 (16:51 IST)
ഒരു രണ്ടുനില വീട് നിര്‍മ്മിക്കാന്‍ എത്ര നാള്‍ ആവശ്യം വരും? കൂടിവന്നാല്‍ ഒരുവര്‍ഷമെങ്കിലും വേണ്ടിവരും എന്നാണ് നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേട്ടോളൂ അതൊക്കെ ഇനി പഴങ്കഥ. അഞ്ചും ആറും ദിവസങ്ങള്‍ക്കൊണ്ട് ബഹുനില മന്ദിരങ്ങള്‍ പണിയാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ ഉണ്ടെങ്കിലും വീടുകള്‍ പണിയാന്‍ ഏറ്റവും കുറഞ്ഞ സമയം മാത്രം വേണ്ടിവന്നത് ചൈനയിലാണ്. വെറും മൂന്ന് മണിക്കൂര്‍!

വായിച്ചിട്ട് വാ പൊളിക്കേണ്ടതില്ല. സംഗതി കാര്യമാണ്. ചൈനയിലെ ഷാങ്സി പ്രൊവിന്‍സിലാണ്  3 മണിക്കൂറിനുള്ളില്‍ രണ്ട് നില വീട് നിര്‍മ്മിച്ചത്. അതും പ്ലംബിങ്ങും വയറിംഗും ഉള്‍പ്പടെ സമ്പൂര്‍ണമായ വീട് നിര്‍മ്മാണം. ചൈനീസ് കമ്പനിയാണ് ഇത്തരത്തില്‍ വീട് നിര്‍മ്മിച്ച് റെക്കോര്‍ഡിട്ടത്.

3ഡി പ്രിന്റ്റിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടിന്റെ ഭാഗങ്ങള്‍ പ്രിന്റ് ചെയ്തതിനു ശേഷം ക്രെയിന്‍ കൊണ്ട് കൂട്ടി യോജിപ്പിക്കുകയാണ് ചെയ്തത്. വീട് നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍ ഇന്‍ഡസ്ട്രിയല്‍ വേസ്റ്റുകള്‍ റിസൈക്കിള്‍ ചെയ്തവയാണെന്നും എന്നാല്‍ ഭൂകമ്പമാപിനിയില്‍ 9വരെയുള്ളവയെ അതിജീവിക്കുമെന്നും നീര്‍മ്മാണ കമ്പനി അവകാശപ്പെടുന്നത്.  വീടിന്റെ നിര്‍മ്മണ ചെലവ് പക്ഷെ സ്ക്വയര്‍ഫീറ്റിന് 480 ഡോളറാണ്.