ഗള്‍ഫ് നാടുകള്‍ തണുത്തു വിറയ്‌ക്കുന്നു; താപനില മൈനസ് ഡിഗ്രിയിലെത്തി
ഞായര്‍, 31 ജനുവരി 2016 (15:46 IST)
വെള്ളിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും ഗള്‍ഫ് രാജ്യങ്ങളെ പുതപ്പിനുള്ളിലാക്കി. സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ യുഎഇയുടെ ചില ഭാഗങ്ങളിലും താപനില മൈനസ് ഡിഗ്രിയിലെത്തി. സൗദിയുടെ പലഭാഗത്തും മഞ്ഞുവീഴ്ചയും കനത്ത കാറ്റുമാണ് അനുഭവപ്പെടുന്നത്. പതിനാലുഡിഗ്രിയിലും താഴെയാണ് പലസ്ഥലങ്ങളിലും താപനില. അറേബ്യന്‍ ഗള്‍ഫില്‍ അനുഭവപ്പെട്ട ന്യൂനമര്‍ദം മൂലമുണ്ടായ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റാണ് ഗള്‍ഫിനെ കൂടുതല്‍ തണുപ്പിച്ചത്.
ശനിയാഴ്‌ച അര്‍ദ്ധരാത്രി റാസല്‍ഖൈമയിലെ ജബൈല്‍ ജയ്‌സില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ എത്തി. റാസല്‍ഖൈമയിലെ ജബല്‍ജെയ്സ് പര്‍വതനിരകളിലാണ് മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നത്. പുലര്‍ച്ചെ 12.15നായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് പോയിന്‍റ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ്.
മൂന്ന് ദിവസമായിട്ടും കാലാവസ്ഥയില്‍ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മുതല്‍ തണുപ്പ് വര്‍ധിച്ചിരുന്നുവെങ്കിലും രാത്രിയോടെ ശതക്തമായി. കനത്ത തണുപ്പിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സാധ്യതയുണ്ടെന്നാണ് സൂചന. രാജ്യത്ത് തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ആഴ്ച താപനില നാലു ഡിഗ്രി വരെ താഴാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.