മരിക്കുമെന്ന് വ്യക്തമായതോടെ പെണ്‍കുട്ടികളെ തട്ടിയെടുത്ത് സങ്കേതങ്ങളിലേക്ക്; കുട്ടികളെപ്പോലും ഐഎസ് വെറുതെ വിടുന്നില്ല

Webdunia
ശനി, 5 നവം‌ബര്‍ 2016 (17:47 IST)
ഇറാഖ് നഗരമായ മൊസൂളില്‍‌നിന്ന് ഭീകരസംഘടനയായ ഇസ്‍‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെ എന്തുവിലകൊടുത്തും നഗരം നിലനിർത്താനുള്ള ശ്രമത്തില്‍ ഭീകരര്‍. പത്ത് വയസിനുതാഴെ മാത്രം പ്രായമുള്ള കുട്ടികളെയും സ്‌ത്രീകളെയും കവചമാക്കിയും നഗരത്തിലേക്ക് പ്രവേശിക്കുന്ന വഴികളില്‍ വൻ ഗർത്തങ്ങള്‍ ഉണ്ടാക്കിയുമാണ് ഭീകരര്‍ ചെറുത്തു നില്‍പ്പ് നടത്തുന്നത്.

നഗരത്തിലെ തന്ത്രപ്രധാനമായ നിരത്തുകളെല്ലാം തന്നെ ഭീകരർ അടച്ചു. ചെറു റോഡുകളില്‍ ഗര്‍ത്തങ്ങളും തടസങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ചില നഗരങ്ങള്‍ തകര്‍ത്തു കളയുകയും ചെയ്‌തു. എണ്ണപ്പാടങ്ങൾക്ക് തീയിട്ട് വൻ അഗ്നിഗോളവും ക്രമാതീതമായ തോതിൽ പുകയും സൃഷ്ടിച്ച് സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമവും ഐഎസ് ഭീകരർ നടത്തുന്നുണ്ട്.

സഖ്യസേനയുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് ഭീകരർ തീയിട്ടതോടെ ശുദ്ധജലവും ഇവർക്ക് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് എല്ലാ മേഖലയില്‍നിന്നും ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് സഖ്യസേന.

ഐഎസിന്റെ പക്കൽനിന്നും മൊസൂളിന്റെ യഥാർഥ മോചനം ആരംഭിച്ചതായി സഖ്യസേന പ്രഖ്യാപിച്ചു. 4000 മുതല്‍ 7000 വരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ മൊസൂള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടെന്നാണ് കണക്ക്. നാനൂറിലധികം കുർദിഷ്, യസീദി, ഷിയ സ്ത്രീകളെ ഐഎസ് ഭീകരർ തടങ്കലിൽ വച്ചിട്ടുണ്ട്.
Next Article