കടക്കെണിയിലായ തങ്ങളെ യൂറോസോണ്‍ രാജ്യങ്ങള്‍ വേട്ടയാടുന്നു: സിപ്രസ്

Webdunia
വെള്ളി, 3 ജൂലൈ 2015 (13:11 IST)
180 കോടി ഡോളറിന്റെ കടക്കെണിയിലായ ഗ്രീസില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് പ്രഖ്യാപിച്ച ഹിതപരിശോധന ഞായറാഴ്ച നടക്കും. കടക്കെണിയിലായ തങ്ങളെ പണം നല്‍കിയ രാജ്യങ്ങള്‍ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് സന്നദ്ധത അറിയിച്ച് ഗ്രീസ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ജര്‍മനി തള്ളി.

ജൂണ്‍ 30ന് ഐഎംഎഫിന് നല്‍കേണ്ടിയിരുന്ന 180 കോടി ഡോളര്‍ തിരിച്ചടക്കാന്‍ ഗ്രീസിന് സാധിച്ചിരുന്നില്ല. സമയം നീട്ടിത്തരണമെന്ന ആവശ്യം യൂറോപ്യന്‍ രാജ്യങ്ങള്‍ തള്ളുകയായിരുന്നു. ഹിതപരിശോധന പൂര്‍ത്തിയാകുന്നതുവരെ ഗ്രീസിനുള്ള പുതിയ അച്ചടക്കനടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് യൂറോസോണ്‍ വിദേശകാര്യ മന്ത്രിമാര്‍ അറിയിച്ചു. ഗ്രീക്ക് ഭരണകൂടത്തിന്റെ നിഷേധാത്മക നിലപാട് കാര്യങ്ങള്‍ കൂടുതല്‍ ഗൌരവമുള്ളതാക്കിയെന്നും സംഭവം നിരാശാജനകമാണെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലെഗാര്‍ഡ് പറഞ്ഞു.

അച്ചടക്ക നടപടികളുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും ഉപാധികളോടെ അംഗീകരിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി സിപ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിതപരിശോധനയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ബാങ്കുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തു.