ഗാസ മുനമ്പ് വീണ്ടും പുകയുന്നു, ഹമാസിനു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം

Webdunia
വ്യാഴം, 4 ജൂണ്‍ 2015 (15:46 IST)
ഗാസ മുനമ്പില്‍ വീണ്ടും സംഘര്‍ഷം പുകയാന്‍ തുടങ്ങി. ഗാസയിലെ ഇസ്ലാമിക സായുധ സംഘമായ ഹമാസ് ഇസ്രായേലിനു നേരെ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഇസ്രായേല്‍ ഗാസമുനമ്പില്‍ വ്യോമാക്രണം നടത്തി.  ഇന്നലെ ഗാസ മുനമ്പില്‍ നിന്ന് തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് പോരാളികള്‍ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിനു ബദലായി വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം.

ഹമാസിന്റെ സായുധ സംഘമായ യെസീദിന്‍ അല്‍ ഖാസം ബ്രിഗേഡിന്റെ പരിശീലന ക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മൂന്ന് ക്യാമ്പുകളാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.റോക്കറ്റാക്രമണം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറച്ചുനാളായി ശാന്തമായിരുന്ന ഗാസ മുനമ്പ് വീണ്ടും സംഘര്‍ഷഭരിതമാകുന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്നത്.

ഗാസയില്‍ നിന്ന് തുടര്‍ച്ചയായ റോക്കറ്റാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ നടത്തിയ സൈനിക നടപടി യുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. 2014 ജൂലൈയില്‍ ആരംഭിച്ച യുദ്ധം അന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് അവസാനിച്ചത്. ഇരുഭാഗത്തും നിരവധി ആള്‍നാശവും നേരിട്ടിരുന്നു. അതേസമയം ഹമാസും തീവ്ര ഇസ് ലാമിക ഗ്രൂപ്പുകളും തമ്മിലുളള ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമാണ് പുതിയ സംഭവങ്ങളെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.