നാലുവര്‍ഷത്തെ ഡിഗ്രി വന്നിട്ട് കാര്യമില്ല, കോളേജുകള്‍ പൂട്ടും: മുരളി തുമ്മാരുക്കുടി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ജൂണ്‍ 2024 (16:37 IST)
സംസ്ഥാനത്ത് നാലുവര്‍ഷത്തെ ഡിഗ്രി വന്നിട്ട് കാര്യമില്ലെന്നും കോളേജുകള്‍ പൂട്ടുമെന്നും യുഎന്‍ മുന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോസ്റ്റിന്റെ പൂര്‍ണരൂപം:-
 
നാലു വര്‍ഷ ഡിഗ്രിയുടെ പ്രാധാന്യത്തെപ്പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെ ഒരു വന്‍കിട സോഫ്റ്റ്വെയര്‍ കന്പനിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ്. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് എഞ്ചിനീയര്‍മാരെയാണ് അവര്‍ അന്ന് റിക്രൂട്ട് ചെയ്തിരുന്നത്.
'വാസ്തവത്തില്‍ ഞങ്ങളുടെ സ്റ്റാഫ് ചെയ്യുന്ന ജോലിക്ക് എഞ്ചിനീയറിങ്ങ് അടിസ്ഥാന വിദ്യാഭ്യാസം നിര്‍ബന്ധം ഒന്നുമല്ല. അവര്‍ പഠിച്ച എഞ്ചിനീയറിങ്ങ് ശാഖയുമായി ബന്ധപ്പെട്ട ജോലിയല്ല ഭൂരിഭാഗം പേരും ചെയ്യുന്നത്.' അവിടുത്തെ ട്രെയിനിങ്ങ് മാനേജര്‍ അന്നെന്നോട് പറഞ്ഞു.
''പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ എഞ്ചിനീയര്‍മാരെ മാത്രം ജോലിക്ക് എടുക്കുന്നത്?''
ഞങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ അമേരിക്കയില്‍ നിന്നായതുകൊണ്ട് അവരുടെ പ്രോജക്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇടക്ക് അമേരിക്കയില്‍ പോകേണ്ടി വരും. കന്പനിയില്‍ ജോലിക്ക് വരുന്ന ഭൂരിപക്ഷം പേര്‍ക്കും അമേരിക്കയില്‍ ജോലിക്ക് പോകുന്നതിലാണ് താല്പര്യവും. എന്നാല്‍ അമേരിക്കന്‍ വിസ കിട്ടണമെങ്കില്‍ നാലു വര്‍ഷത്തെ ബിരുദം ഉണ്ടായിരിക്കണം. കാരണം അവിടുത്തെ എല്ലാ ബിരുദവും നാലു വര്‍ഷത്തെയാണ്. ഇന്ത്യയില്‍ സയന്‍സ്, ആര്‍ട്‌സ് വിഷയങ്ങളിലെ ഡിഗ്രി മൂന്നു വര്‍ഷമായതിനാല്‍ അവര്‍ക്ക് അമേരിക്കന്‍ വിസ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഇക്കാര്യം പരിഗണിച്ചാണ് ഞങ്ങള്‍ എഞ്ചിനിയര്‍മാരെ മാത്രം ജോലിക്കെടുക്കുന്നത്.
 
1990 കളിലെ Y2K യും അതിന് ശേഷം വന്ന കന്പ്യൂട്ടര്‍വല്‍ക്കരണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ലക്ഷക്കണക്കിന് 'സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍'മാരുടെ ആവശ്യകത സൃഷ്ടിച്ചു. അത് ഇന്ത്യയിലെ, പ്രത്യേകിച്ചും ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസത്തെ മാറ്റിമറിച്ചു. തൊഴില്‍ കിട്ടാന്‍ ഏറ്റവും എളുപ്പവഴി എഞ്ചിനീയറിങ്ങ് ആണെന്ന സ്ഥിതി വന്നതോടെ എഞ്ചിനീയറിങ്ങില്‍ താല്പര്യമുള്ളവരും ഇല്ലാത്തവരും എഞ്ചിനീയറിങ്ങ് പഠനത്തിനായി ശ്രമം തുടങ്ങി.
കര്‍ണാടകത്തിലും ആന്ധ്രയിലും തമിഴ് നാട്ടിലുമെല്ലാം നൂറു കണക്കിന് എഞ്ചിനീയറിങ്ങ് കോളേജുകള്‍ ഉണ്ടായി. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിങ്ങ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോയിത്തുടങ്ങി. കേരളത്തിലും എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണം നൂറിന് മുകളില്‍ പോയി. എന്‍ട്രന്‍സ് പരീക്ഷക്ക് പത്തുമാര്‍ക്കെങ്കിലും കിട്ടുന്നവര്‍ക്കെല്ലാം എഞ്ചിനീയറിംഗ് അഡ്മിഷന്‍ കിട്ടുന്ന കാലം വന്നു. എന്‍ട്രന്‍സ് പരീക്ഷക്ക് പത്തുമാര്‍ക്ക് പോലും കിട്ടാത്തവര്‍ മാത്രമായി പൊതുവില്‍ മറ്റു സയന്‍സ് വിഷയങ്ങളില്‍ എത്തുന്നത്.
സോഫ്ട്‌വെയര്‍ കന്‌പോളത്തിന് വേണ്ടിയുള്ള ആ വിദ്യാഭ്യാസം കേരളത്തിലെ എഞ്ചിനീയറിങ്ങ് കോളേജുകളിലെയും ആര്‍ട്‌സ് കോളേജുകളിലെയും വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസത്തിന്റെയും നിലവാരം ഒരേസമയം കുഴപ്പത്തിലാക്കി. നാലു വര്‍ഷ സയന്‍സ്/ആര്‍ട്‌സ്  ഡിഗ്രി എന്നത് കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ അമേരിക്കയില്‍ ഉള്ളതായിരുന്നു. അമേരിക്കയിലെ തൊഴില്‍ കന്‌പോളവും നമ്മുടെ വിദ്യഭ്യാസവും തമ്മില്‍ ബന്ധം വന്ന കാലത്ത് തന്നെ ഇന്ത്യയില്‍ നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമുകള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ എഞ്ചിനീയറിങ്ങ് കോളേജുകളുടെ എണ്ണപ്പെരുപ്പം, എഞ്ചിനീയറിങ്ങില്‍ താല്പര്യമോ അഭിരുചിയോ ഇല്ലാത്തവര്‍ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ എത്തുന്ന സാഹചര്യം, മൂന്നു വര്‍ഷ ഡിഗ്രി ഓഫര്‍ ചെയ്യുന്ന കോളേജുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ നിലവാരത്തകര്‍ച്ച ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. ഇന്ന് നമ്മള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന പല പ്രശ്‌നങ്ങളും വേണ്ട സമയത്ത് ആ തീരുമാനം എടുക്കാന്‍ സാധിക്കാത്തതിന്റെ പ്രത്യാഘാതം ആണ്.
 
ഇത് മുന്‍കൂട്ടി കാണാന്‍ കഴിയാവുന്ന ഒന്നായിരുന്നു. അവിടുത്തെ സന്ദര്‍ശനത്തിന് ശേഷവും പില്‍ക്കാലത്തും പല പ്രാവശ്യം ഞാന്‍ ഈ വിഷയത്തെപ്പറ്റി എഴുതിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അന്നൊക്കെ അതിനെതിരെ ആയിരുന്നു പൊതുവില്‍ നമ്മുടെ അക്കാദമിക് സംവിധാനങ്ങളും  പൊതുബോധവും. ഞാന്‍ എഴുതിയത് പോകട്ടെ, പത്തു വര്‍ഷം മുന്‍പ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍ എന്തായിരുന്നു പുകില്‍ !. കേന്ദ്ര വിദ്യാഭ്യസ മന്ത്രി നേരിട്ട് ഇടപെട്ടാണ് അത് വേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോള്‍, പുഴയിലെ വെള്ളമാകെ ഇറങ്ങിപ്പോയതിന് ശേഷം കൊട്ടും കുരവയുമായി നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളുടെ വരവാണ്.
പക്ഷെ അപ്പോഴേക്കും കാലം മാറി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന വിഷയങ്ങളും മാറി. അതുകൊണ്ട് തന്നെ നാലു വര്‍ഷ ഡിഗ്രി വരുന്നതും പോകുന്നതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു വിഷയമല്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഞാന്‍ കാണുന്ന മറ്റ് അനവധി വിഷയങ്ങളുണ്ട്, അതിനൊന്നിനും നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാം ഒരു  പരിഹാരമായി ഞാന്‍ കാണുന്നില്ല.
കേരളത്തിലെ തൊഴില്‍രംഗത്ത് കാണുന്ന പ്രധാന പ്രശ്‌നം, ഉന്നതവിദ്യാഭ്യാസം ഉള്ളവരുടെ ആധിക്യമാണ്. സര്‍ക്കാരിലോ, സ്ഥിരതയുളള എയ്ഡഡ്, കോ ഓപ്പറേറ്റീവ്, സ്വകാര്യ മേഖലകളിലോ ജോലിക്കപേക്ഷിക്കുന്ന വലിയ ശതമാനം ആളുകള്‍ക്കും ജോലിക്കാവശ്യമായ അടിസ്ഥാനയോഗ്യതയെക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമാണുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ വനിതാ സിവില്‍ പോലീസ് ഓഫിസര്‍ തസ്തികയില്‍ പി.എസ്.സി. വഴി അപേക്ഷിച്ച് ജോലി കിട്ടി ട്രെയിനിങ്ങ് പാസായവരുടെ യോഗ്യതകള്‍ എന്റെ സുഹൃത്ത് എനിക്ക് അയച്ചു തന്നു.
ആകെ പരിശീലനം കഴിഞ്ഞവര്‍ 446
എം.ടെക്. 7
എം.ബി.എ. 6
എം.സി.എ. 2
ബി.ടെക്. 58
ബി.എഡ്. 50
പി.ജി. ബിരുദമുള്ളവര്‍ 119
ബിരുദമുള്ളവര്‍ 187.
 
ഈ തൊഴിലിന് വേണ്ട അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. എത്രമാത്രം ആളുകളാണ് തൊഴിലിന് ആവശ്യമില്ലാത്തത്ര യോഗ്യത നേടിയിട്ടും ഈ തൊഴിലിനായി എത്തുന്നത്! ഒരു വര്‍ഷം കേരളത്തില്‍ ഇരുപതിനായിരത്തോളം ആളുകള്‍ക്കാണ് പി.എസ്.സി. വഴി സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. ഇതില്‍ ഏതു തൊഴിലിന്റെ കാര്യമെടുത്താലും ആവശ്യത്തിലധികം യോഗ്യതയുള്ളവരുടെ പ്രളയമാണ്.
വ്യക്തിപരമായി ഇത്തരം തീരുമാനമെടുക്കുന്നവരുടെ സാഹചര്യങ്ങളും തീരുമാനവും എനിക്ക് മനസ്സിലാകും. എന്നാല്‍ ഒരു സമൂഹം എന്ന നിലയില്‍ എന്തുമാത്രം വിഭവങ്ങളാണ് നമ്മള്‍ അനാവശ്യമായി ഉന്നതവിദ്യാഭ്യാസത്തിനായി ചിലവാക്കുന്നത്.
സര്‍ക്കാര്‍ ജോലിക്ക് വരുന്നവരില്‍ പകുതിയിലധികവും ആവശ്യത്തില്‍ കൂടുതല്‍ യോഗ്യതയുള്ളവരാണെന്ന് കണക്കാക്കിയാല്‍ തന്നെ,
മുപ്പതിനായിരം മനുഷ്യ വര്‍ഷങ്ങളുടെ ഓപ്പര്‍ച്യുണിറ്റി കോസ്റ്റ്, അവര്‍ക്ക് ഉപകാരപ്പെടാത്ത ബിരുദം പഠിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ ചിലവാക്കുന്ന തുക, കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരായതിനാലും ഇത്തരം കോളേജുകള്‍ സമൂഹം സബ്‌സിഡൈസ്ഡ് ചെയ്യുന്നതിനാലും ആവശ്യമില്ലാത്ത വര്‍ഷങ്ങള്‍ പഠിപ്പിക്കുന്നതിന് ചിലവാകുന്ന തുക. ആവശ്യത്തില്‍ കൂടുതല്‍ ആളുകളെ ഡിഗ്രി പഠിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ചിലവ്.
 
മൂന്നു വര്‍ഷത്തെ ഡിഗ്രി നാലു വര്‍ഷം ആക്കിയാല്‍ ഈ വിഷയത്തിന് എന്ത് പരിഹാരമാണ് ഉണ്ടാകുന്നത്? ഇനി നാലുവര്‍ഷ ഡിഗ്രി കഴിഞ്ഞവരും സര്‍ക്കാരില്‍ ഡ്രൈവറും വില്ലേജ് അസ്സിസ്റ്റന്റും ആകാന്‍ മത്സരിക്കും. സമൂഹത്തിന്റെ ചിലവ് 25 ശതമാനം കൂടി കൂടും.
കേരളത്തില്‍ നിന്നും ഇപ്പോള്‍ വിദേശത്തേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്കാണ്. 2019 നും 2024 നും ഇടയില്‍ ഇത് ഇരട്ടിച്ചുവെന്ന് കേരള മൈഗ്രെഷന്‍ സര്‍വ്വേ പറയുന്നു. ഇപ്പോള്‍ 2,50,000 മലയാളി വിദ്യാര്‍ത്ഥികള്‍ വിദേശത്തുണ്ട്. പോകുന്നവരില്‍ അധികവും കേരളത്തില്‍ ബിരുദം നേടിയവരാണ്. ഇവരില്‍ അധികം പേരും വിദേശത്ത് എത്താനുള്ള എളുപ്പവഴിയായി വിദേശ വിദ്യാഭ്യാസത്തെ കാണുന്നവരാണ്. ഇവരില്‍ ഏറെ പേര്‍ക്ക്  വിദേശത്ത് വിദ്യാഭ്യാസം കഴിഞ്ഞാല്‍ അവരുടെ ഉന്നത വിദ്യാഭ്യാസം പോയിട്ട് അടിസ്ഥാന വിദ്യാഭ്യാസത്തിന് ചേരുന്ന തൊഴില്‍ പോലും ലഭിക്കുന്നില്ല.
 
മൂന്നു വര്‍ഷത്തിന് പകരം നാലുവര്‍ഷത്തെ ഡിഗ്രി നല്‍കിയത് കൊണ്ട് അവര്‍ക്കെന്താണ് പ്രയോജനം? ഒരു പ്രയോജനവുമില്ലെന്ന് മാത്രമല്ല, ആദ്യമേ പറഞ്ഞ നഷ്ടങ്ങള്‍ സമൂഹത്തിന് ഉണ്ട് താനും. കേരളത്തില്‍ തൊഴില്‍ രംഗത്തെ വലിയൊരു പ്രശ്‌നം കേരളത്തിന് ആവശ്യമുള്ള തൊഴിലുകള്‍ (നിര്‍മ്മാണ തൊഴില്‍, ഹോട്ടല്‍ തൊഴില്‍, മല്‍സ്യബന്ധനം, മരപ്പണി, ഹോം നേഴ്സ്, പുല്ലു വെട്ടല്‍, മുടിവെട്ട്) കേരളത്തില്‍ ചെയ്യാന്‍ കേരളത്തിലെ പുതിയ തലമുറ തയ്യാറല്ല എന്നതാണ്. ഡിഗ്രിയെടുത്ത് വിദേശത്ത് എത്തിയാല്‍ ഇതേ തൊഴിലുകള്‍ അവിടെ ചെയ്യാന്‍ അവര്‍ക്ക് ഒരു മടിയുമില്ല താനും. മൂന്നു വര്‍ഷത്തെ ഡിഗ്രി നാലു വര്‍ഷം ആക്കിയത് കൊണ്ട് ഈ സാഹചര്യങ്ങളില്‍ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
 
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രശ്‌നം കേരളത്തിലെയോ ലോക തൊഴില്‍ കന്‌പോളത്തിലെയോ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാത്ത ഒരുപാട് ബിരുദങ്ങള്‍ ഇപ്പോഴും നമ്മുടെ കോളേജുകളില്‍ നിന്നും ഉണ്ടാകുന്നു എന്നതാണ്. നൂറു കണക്കിന് സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ ബോട്ടണി, സുവോളജി, ലിറ്ററേച്ചര്‍, ഹിസ്റ്ററി തുടങ്ങിയ ഡിഗ്രികള്‍ ഇപ്പോഴും നടക്കുന്നു. ഏതോ ഒരു കാലത്ത് അത്തരം ബിരുദങ്ങള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. ആ അധ്യാപകരേയും കോളേജുകളെയും നിലനിര്‍ത്താം എന്നതിനപ്പുറം കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളിലും ഈ വിഷയങ്ങളില്‍ ഡിഗ്രി നല്‍കിയത് കൊണ്ട് ഒരു ഗുണവുമില്ല. ഡിഗ്രിയുടെ നീളം മൂന്നു വര്‍ഷത്തില്‍ നിന്നും നാലു വര്‍ഷം ആക്കിയത് കൊണ്ട് എന്തെങ്കിലും മാറ്റം ഈ രംഗത്ത് ഉണ്ടാകുമോ? (ആളുകള്‍ ചരിത്രമോ ലിറ്ററേച്ചറോ പഠിക്കരുത് എന്നെനിക്ക് അഭിപ്രായമില്ല എന്ന് മാത്രമല്ല എല്ലാവരും ഈ വിഷയങ്ങള്‍ പഠിക്കണം എന്ന അഭിപ്രായവും ഉണ്ട്. പക്ഷെ അവ എല്ലാ കോളേജിലും പ്രത്യേക ഡിഗ്രി പ്രോഗ്രാമുകള്‍ ആക്കി നിലനിര്‍ത്തേണ്ട ആവശ്യമില്ല എന്നതാണ് എന്റെ അഭിപ്രായം).
ഇതൊക്കെ പുതിയ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ പഴയ പ്രശ്‌നങ്ങളും അവിടെത്തന്നെ കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി നടത്തിപ്പില്‍ അക്കാദമിക് താല്പര്യങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ നിലനില്‍ക്കുന്നത്, യൂണിവേഴ്‌സിറ്റി സംവിധാനങ്ങളില്‍ പൊതുവെ കാണുന്ന കെടുകാര്യസ്ഥത, എയ്ഡഡ് കോളേജുകളില്‍ പണം വാങ്ങി 'സര്‍ക്കാര്‍ ജോലികള്‍' വില്‍ക്കുന്നതും, അത് അപേക്ഷകരില്‍ ഏറ്റവും അക്കാദമിക്ക് യോഗ്യത ഉള്ളവര്‍ക്ക് ലഭിക്കാത്തതും, വിദ്യാഭ്യാസ സംവിധാനങ്ങള്‍ പൊതുവെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതവും വിദ്യാര്‍ത്ഥി സൗഹൃദവും  അല്ലാത്തത്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്കൊന്നും നാലു വര്‍ഷ ബിരുദം ഒരു പരിഹാരവും ഉണ്ടാക്കുന്നില്ല.
 
ഇതുകൊണ്ടൊക്കെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ താമസമില്ലാതെ  തകര്‍ന്നുവീഴുമെന്ന് ഞാന്‍ വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കുന്നത്. 1990 കളിലെ സ്ഥിതി അല്ല ഇന്നുള്ളത്. ഒരു ചെറിയ ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നാട്ടിലെ ബിരുദം കൊണ്ട് പ്രായോഗികമായ ഗുണം ഉണ്ടാകുന്നുള്ളുവെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തുള്ള നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനാണ് താല്പര്യം കാണിക്കുന്നത്. കേരളത്തിന് പുറത്തു ജീവിച്ചും സഞ്ചരിച്ചും വായിച്ചും അറിവുള്ള മാതാപിതാക്കളും പ്ലസ് ടുവിന് ശേഷം  കേരളത്തിന് പുറത്തേക്ക് മക്കളെ വിടാനാണ് താല്‍പര്യപ്പെടുന്നത്. കുട്ടികളെ വിദേശത്തേക്ക് പഠനത്തിന് വിടാനുള്ള പണം ചിലവാക്കാന്‍ ലക്ഷക്കണക്കിന് മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ സാഹചര്യം ഉണ്ട്. പതിനെട്ട് വയസ്സുള്ള കുട്ടികളെ പോലും വിദേശത്ത് വിട്ടാല്‍ അവര്‍ സ്വന്തം കാര്യം നോക്കി വളരാന്‍ പ്രാപ്തരാണെന്ന് നമ്മുടെ മാതാപിതാക്കള്‍ക്ക് ബോധ്യമാകുന്നുണ്ട്.
മാറ്റം വിദേശങ്ങളിലും ഉണ്ട്.
 
അമിത വിദ്യാഭ്യാസം നേടിയതിന് ശേഷം കടല്‍ കടന്നുവരുന്ന കുട്ടികള്‍ വേണ്ടത്ര പരിശീലനം ലഭിക്കാതെ അടിസ്ഥാന തൊഴിലുകള്‍ ചെയുന്നത് നഷ്ടക്കച്ചവടമാണെന്ന് പല വിദേശ രാജ്യങ്ങളും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുട്ടികള്‍ എത്തുന്നതാണ് കൂടുതല്‍ നല്ലതെന്ന് അവരും ചിന്തിക്കുന്നു. ജര്‍മ്മനി, വിദ്യാഭ്യസം ഫ്രീ ആയും ചില തൊഴിലുകള്‍ക്ക് അല്പം അലവന്‍സ് കൊടുത്തും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയാണ്. ഇനി മറ്റു രാജ്യങ്ങളും ഈ വഴി പിന്‍തുടരും. അമേരിക്കന്‍  യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഡിഗ്രി കഴിയുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്ന്, പൊതുവെ കുടിയേറ്റത്തിനൊക്കെ എതിരായ പോളിസികള്‍ എടുക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതും ശ്രദ്ധിക്കണം.
കേരളത്തില്‍ നിന്നും വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നവരുടെ എണ്ണം കൂടും. അതും അവരില്‍ കൂടുതല്‍ പേരും ഇനി പ്ലസ് ടു കഴിഞ്ഞ ഉടനെ ആയിരിക്കും പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നത്.
 
കോളേജുകളില്‍ (എഞ്ചിനീയറിങ്ങ്, ആര്‍ട്‌സ്, സയന്‍സ്) എത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കുറഞ്ഞുവരും. ജനസംഖ്യാനിരക്ക് കുറയുന്നതിനേക്കാള്‍ വേഗത്തില്‍ ബിരുദവിദ്യാര്‍ത്ഥികളുടെ എണ്ണം കുറയും.
എങ്ങനെയാണ് ഈ സാഹചര്യത്തെ നമ്മള്‍ കൈകാര്യം ചെയ്യേണ്ടത്?
ബിരുദം ആവശ്യമില്ലാത്ത, എന്നാല്‍ കേരളത്തിന് ആവശ്യമായ തൊഴിലുകളിലേക്ക് എങ്ങനെയാണ് ആളുകളെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നത്? അത്തരം തൊഴിലുകള്‍ ഏറ്റെടുക്കാന്‍ എങ്ങനെയാണ് പുതിയ തലമുറയില്‍ താല്പര്യം ജനിപ്പിക്കേണ്ടത്?
കേരളത്തിന്റെയോ ലോകത്തിന്റെയോ തൊഴില്‍ കന്‌പോളത്തില്‍ വളരെ കുറഞ്ഞ ആവശ്യം മാത്രമുള്ള ബിരുദങ്ങള്‍ കുറച്ചു കൊണ്ട് വരുന്നത് എങ്ങനെ?
പണ്ടുകാലത്തെ രീതിയും കണക്കുമനുസരിച്ചുള്ള കോളേജുകള്‍ നമുക്ക് വേണോ?
മാറുന്ന സാഹചര്യത്തിനനുസരിച്ച് എങ്ങനെ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകരെ റീസ്‌കില്‍ ചെയ്ത് പുനര്‍വിനിയോഗിക്കാന്‍ സാധിക്കും?
പ്ലസ് ടുവിന് ശേഷം വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കാന്‍ എളുപ്പമാകുന്ന തരത്തിലുള്ള സ്‌കൂള്‍ സിലബസ്സ് (ഭാഷാപഠനം കൂടി ഉള്‍പ്പെടുത്തി) എങ്ങനെ നവീകരിക്കാം?
ഒരു തൊഴില്‍ ചെയ്യാനാവശ്യമായ യോഗ്യതയേക്കാള്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ ആ തൊഴിലിന് വേണ്ടി മത്സരിക്കുന്ന സാഹചര്യം എങ്ങനെയാണ് ഒഴിവാക്കാന്‍ സാധിക്കുന്നത്?
സാങ്കേതികവിദ്യകൊണ്ട് ലോകത്തെവിടെനിന്നുമുള്ള പന്ത്രണ്ട് കോടി വിദ്യാര്‍ത്ഥികളെ ഒരു ട്രെയിനിങ്ങ് പ്ലാറ്റ്‌ഫോമില്‍ കൊണ്ടുനടക്കാന്‍ പറ്റുന്ന കാലത്ത് നമ്മുടെ ചെറിയ കേരളത്തില്‍ അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികളെ അഫിലിയേറ്റ് ചെയ്യാന്‍ കേരള മുതല്‍ കണ്ണൂര്‍ വരെയുള്ള അഞ്ച് യൂണിവേഴ്‌സിറ്റികള്‍ ആവശ്യമാണോ?
ലോകത്തെവിടെയും ഇന്റര്‍ഡിസിസിപ്ലിനറി വിദ്യാഭ്യാസം മുന്നേറുന്ന ഈ കാലത്ത് കൃഷി, ആരോഗ്യം, അനിമല്‍ ഹസ്ബന്‍ഡറി, ഫിഷറീസ്, സാങ്കേതികം, ഡിജിറ്റല്‍, സംസ്‌കൃതം, മലയാളം എന്നീ വിഷയങ്ങളെ വെട്ടിമുറിച്ച് ഓരോന്നിനും പ്രത്യേകം പ്രത്യേകം സര്‍വ്വകലാശാലകള്‍ നമുക്ക് വേണോ?
 
മുന്‍പും പറഞ്ഞിട്ടുണ്ട്, നമുക്ക് ഒറ്റ യൂണിവേഴ്‌സിറ്റി മതി. അത് നന്നായി, അക്കാദമിക്സിന് പ്രാധാന്യം നല്‍കി, സാങ്കേതിക വിദ്യകള്‍ ശരിയായി ഉപയോഗിച്ച് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സഹായിക്കുന്ന രീതിയിലുള്ളത് ആകണമെന്ന് മാത്രം. ആ യൂണിവേഴ്സിറ്റിയെ ഒരു പത്തു വര്‍ഷത്തിനകം ആഗോള റാങ്കിങ്ങില്‍ അഞ്ഞൂറില്‍ എങ്കിലും എത്തിക്കുക എന്നതായിരിക്കണം ലക്ഷ്യം.
കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതിനാലല്ല പറയാതിരിക്കുന്നത്. പലയിടത്തും പറഞ്ഞിട്ടും ഒന്നും മാറാത്തതിനാലും ഇതൊന്നും നടപ്പിലാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നിലവിലില്ല എന്ന് അറിയാവുന്നതിനാലും ആണ്.
അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിനും കേരളത്തിന്റെ തന്നെ ഭാവിക്കും ഏറെ നിര്‍ണ്ണായകമാണ്. ഡിഗ്രി നാലു വര്‍ഷം ആയാലും ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയാകും, വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കൂടും, കോളേജുകള്‍ പൂട്ടും, സര്‍വ്വകലാശാലകള്‍ പലതും നിര്‍ബന്ധമായും മറ്റുള്ളവയുമായി ലയിക്കേണ്ടി വരും.
ഇതൊക്കെ കൂടി പ്ലാന്‍ ചെയ്ത് കാര്യങ്ങള്‍ ചെയ്താല്‍ കൂടുതല്‍ നന്നാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍