ഗാസയില്‍ 24 മണിക്കുറ് കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. നേരത്തേ പ്രഖ്യാപിച്ച അഞ്ച് ദിവസത്തേ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇരുകൂട്ടരും ധാരണയായത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ക്കിടേയാണ് വെടി നിര്‍ത്തല്‍ നീട്ടാന്‍ ധാരണയായത്.
വെടിനിര്‍ത്തല്‍ സ്ഥിരമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ അഭിപ്രായ വിത്യാസം നിലനില്‍ക്കുകയാണ്. തങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ചചെയ്യുന്ന തരത്തിലുള്ള ഒരു വെടിനിര്‍ത്തല്‍ കരാറിനും തയ്യാറല്ലെന്നായിരുന്നു ഇസ്രായേല്‍ ആദ്യം സ്വീകരിച്ച നിലപാട്. ഇരുകൂട്ടര്‍ക്കുമിടയില്‍ ശാശ്വതമായ വെടിനിര്‍ത്തലിനാണ് ചര്‍ച്ചകളില്‍ ഉൗന്നല്‍ നല്‍കിയത്.
അതേസമയം, എട്ടുവര്‍ഷമായി ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്ന് ആവശ്യത്തില്‍ നിന്നും ഒരടി പിന്നോട്ട് പോവാനാവില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്.
ഗാസ്സയിലെ അടച്ചിട്ട വിമാനത്താവളവും തുറമുഖവും തുറക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇനിയുള്ള ചര്‍ച്ചകളില്‍ വിഷയമാകുമെന്നാണ് അറിയുന്നത്. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഈജിപ്തിലെ കെയ്‌റോയില്‍ 17ാം തീയ്യതിയാണ് ആരംഭിച്ചത്.
അതിനിടെ, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2016 ആയി. ഇതില്‍ നാലിലൊന്നും കുട്ടികളാണ്. നേരത്തേ, 1980 പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് പിന്നീട് മരിച്ചവരുടെ എണ്ണം കൂട്ടിയാണ് പുതിയ കണക്ക്.