ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ "ഇന്ത്യന്‍ ഐക്കണ്‍ 2015" പുരസ്ക്കാരം പി വിജയന്‍ ഐ പി എസിന് സമ്മാനിച്ചു

Webdunia
ശനി, 6 ജൂണ്‍ 2015 (14:41 IST)
ഫ്രണ്ട്സ് ഓഫ് ബഹ്‌റൈന്‍ "ഇന്ത്യന്‍ ഐക്കണ്‍ 2015" പ്രഥമ പുരസ്‌കാരം പി വിജയന്‍ ഐ പി എസിന് മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ശ്രീ എബ്രഹാം ജോണ്‍ സമ്മാനിച്ചു. സംഘടന നടത്തിയ ഇടവസന്ധ്യ എന്ന കലാ സാംസ്കാരിക പരിപാടിയില്‍ വച്ചാണ് പുരസ്ക്കാരം പി വിജയന് സമ്മാനിച്ചത്.  ഇടവസന്ധ്യ പ്രവാസി മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ പരിപാടിയായി മാറി .

നേരത്തെ പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത് ഇന്ത്യന്‍ സ്കൂളിലായിരുന്നെങ്കിലും അവസാന നിമിഷം വേദി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന്  ഇന്ത്യന്‍ ക്ലബ്ബിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും പരിപാടിയില്‍ പ്രവാസികള്‍ പരിഭവമില്ലാതെ ഒത്തുചേര്‍ന്നു. കലാവിരുന്നും, സമ്മേളനവുമായി പ്രവാസികള്‍ക്ക് ആഘോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഇടവസന്ധ്യ അവസാനിച്ചത്.  


നജീം അര്‍ഷാദ് , സംഗീത ശ്രീകാന്ത്  , ശ്രേയ ജയദീപ് , കബീര്‍ തുടങ്ങിയ പാട്ടുകാരും കലാഭവന്‍ സുധി അനിയപ്പന്‍ എന്നിവരുടെ ഹാസ്യ വിരുന്ന്, നാടന്‍ പാട്ട്, തുടങ്ങി നിരവധി കലാവിരുന്നുകളൊടെയാണ് ഇടവസന്ധ്യ അരങ്ങേറിയത്. മലയാളത്തിന്റെ ഗന്ധവും നിറവുമുള്ള നാടന്‍ പാട്ടുകള്‍ ചടങ്ങിനെത്തിയവര്‍ ഒന്നടങ്കം ഏറ്റുപിടിച്ചു.

 
ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്ന് വേദി നിഷേധിച്ചത് വളരെ വിഷമം ഏറിയ കാര്യം ആണെന്ന് എല്ലാ കലാകാരന്മാരും അവരുടെ വാക്കുകളില്‍ സൂചിപ്പികുകയുണ്ടായി. വേദി മാറിയത് അറിയാതെ ഇസ ടൌണ്‍ ഇന്ത്യന്‍ സ്കൂളില്‍ എത്തി പരിപാടി കാണാതെ മടങ്ങിയ എല്ലാവരോടും  ഇടവ സന്ധ്യയുടെ സംഘാടകര്‍ ക്ഷമാപണം പ്രകടിപ്പിച്ചു. ഇടവ സന്ധ്യ വന്‍ വിജയം ആക്കി തീര്‍ക്കാന്‍ സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും പ്രോഗ്രാം ഡയരക്ടര്‍ ഫൈസല്‍ എഫ് എം നന്ദി അറിയിച്ചു.