ഫ്രാൻസിനെ കാൽകീഴിലാക്കിയ സിംഹങ്ങളാണ് തീവ്രവാദികളെന്ന ഐ എസ് വീഡിയോ പുറത്ത്
തിങ്കള്‍, 25 ജനുവരി 2016 (12:05 IST)
ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദി സംഘത്തിന്‍റെ വീഡിയോ ഐ എസ് പുറത്തുവിട്ടു. ജിഹാദി വെബ്സൈറ്റിലാണ് വീഡിയോ പോസ്റ്റ് ചെയ്ത്തിട്ടുള്ളത്. ഈ വീഡിയോയില്‍ മൂന്ന് ഫ്രഞ്ച് പൗരന്മാരും നാലു ബെൽജിയം സ്വദേശികളും രണ്ട് ഇറാഖികളുമാണ് ഉള്ളത്. ആക്രമണത്തിന്റെ ഉത്തരവാധിത്വം ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഫ്രഞ്ച്, അറബി ഭാഷകളാണ് ഇവർ സംസാരിക്കുന്നത്. യു എസ് സൈനിക സഖ്യത്തിൽ ഭാഗമാകുന്ന എല്ലാ രാജ്യങ്ങൾക്കുമുള്ള സന്ദേശമാണ് പാരിസ് ആക്രമണമെന്ന് തീവ്രവാദികൾ പറയുന്നു. ഐ എസിന്‍റെ അൽ ഹയാത്ത് മീഡിയ സെന്‍റർ തയാറാക്കിയ വീഡിയോയിൽ ഫ്രാൻസിനെ കാൽകീഴിലാക്കിയ സിംഹങ്ങളെന്നാണ് തീവ്രവാദികളെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ നവംബർ പതിമൂന്നിനായിരുന്നു ഫ്രാൻസിനെ ഞെട്ടിച്ച ഭീകരാക്രമണം പാരിസിൽ നടന്നത്. ലി കാരിലോൺ ബാർ, ലാബെല്ല എക്യുപ് ബാർ, ബറ്റാക്ലൻ തിയേറ്റർ ഹാൾ, ലി പെറ്റിറ്റ് കാബോഡ്ജ് റസ്റ്ററന്‍റ്, ഡിലാ റിപ്പബ്ലിക്ക, സ്റ്റാഡെ ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു ആക്രമണങ്ങൾ അരങ്ങേറിയത്.
സ്റ്റേഡിയത്തിൽ ചാവേർ സ്ഫോടനവും ബാർ,തിയേറ്റർ,റസ്റ്ററന്‍റ് എന്നിവിടങ്ങളിൽ വെടിവെപ്പുമായിരുന്നു നടന്നത്. അന്നത്തെ ഭീകരാക്രമണത്തില്‍ 130പേര്‍ കൊല്ലപ്പെടുകയും 352 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.